കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി
text_fieldsകടയിൽ നിന്ന് കിട്ടിയ രണ്ട് പവന്റെ മാല പൊലീസ് സാന്നിധ്യത്തിൽ കൈമാറുന്നു
തൊടുപുഴ: കളഞ്ഞുകിട്ടിയ രണ്ടുപവൻ സ്വർണമാല തിരികെ നൽകി യുവാക്കൾ. കഴിഞ്ഞ ദിവസം കടയിൽ മൊബൈൽ വാങ്ങാൻ എത്തിയ കീരികോട് വലിയപറമ്പിൽ ഷാജിയുടെ മകൻ ഹക്കിം എന്ന യുവാവിനാണ് രണ്ട് പവനോളം തൂക്കം വരുന്ന സ്വർണ മാല കളഞ്ഞുകിട്ടിയത്.
മാല ഉടൻ ഷോറൂം മാനേജരെ ഏൽപിക്കുകയും ചെയ്തു. എന്നാൽ, മാല തിരക്കി ആരും വരാത്ത സാഹചര്യത്തിൽ ഷോറൂം മാനേജർ ഷാബിൻ കടയിലെ സി.സി.ടി.വി പരിശോധിച്ച് മാലയുടെ ഉടമയെ കണ്ടെത്തുകയും ചെയ്തു. പക്ഷെ ഉടമയുടെ അഡ്രസോ ഫോൺ നമ്പറോ ലഭിക്കാത്തതിനാൽ നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയാണ് കണ്ടെത്തിയത്.
തുടർന്ന് മാല തൊടുപുഴ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ വേണുഗോപാൽ പ്രഭുവിന്റെയും സ്റ്റേഷൻ റൈറ്റർ കെ.എ. ഗഫൂറിന്റെയും സാന്നിധ്യത്തിൽ മൈജി മാനേജർ ഷാബിനും ഹക്കിം ഷാജിയും കാസ്ക് സോഷ്യൽ സർവിസ് സൊസൈറ്റിയുടെ ജോയന്റ് സെക്രട്ടറി കെ.ബി. ഹാരിസും ചേർന്ന് ഉടമസ്ഥനായ അജയ് അജിക്ക് കൈമാറി. യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിക്കുകയും ചെയ്തു.


