വീട്ടുപടിക്കൽ സേവനവുമായി മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ
text_fieldsതൊടുപുഴ: മൃഗ സംരക്ഷണ വകുപ്പിന് കീഴിലുളള സഞ്ചരിക്കുന്ന മൃഗാശുപത്രികളും ശസ്ത്രക്രിയ വിഭാഗവും ജനങ്ങൾക്ക് കൈത്താങ്ങാകുകയാണ്.ജില്ലയിൽ ക്ഷീര കർഷകരടക്കം ആയിരങ്ങളാണ് ഇതിനോടകം പദ്ധതിയുടെ ഗുണഭോക്താക്കളായത്.കർഷകർക്ക് ഏതു സമയത്തും അവരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് യൂനിറ്റുകൾ ആരംഭിച്ചത്. വളർത്തുമൃഗങ്ങളുടെ വിവിധ ആരോഗ്യ പ്രശ്നങ്ങളിൽ ചികിത്സാ സഹായം തേടിയുളള അലച്ചിലിന് പരിഹാരമായാണ് യൂനിറ്റുകളുടെ പ്രവർത്തനം.
ജില്ലയിൽ കർമനിരതമായി ആറ് യൂനിറ്റുകൾ
ജില്ലയിലെ ആറ് ബ്ലോക്ക് പരിധികളിലായാണ് മൊബൈൽ വെറ്ററിനറി യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. കട്ടപ്പന, ദേവികുളം, അഴുത,ഇളംദേശം, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതോടൊപ്പം തന്നെ തൊടുപുഴ കേന്ദ്രീകരിച്ച് ഒരു മൊബൈൽ സർജറി യൂനിറ്റും പ്രവർത്തിക്കുന്നുണ്ട്. അറക്കുളം, പെരുവന്താനം, പീരുമേട്, നെടുങ്കണ്ടം, കുഞ്ചിത്തണ്ണി വെറ്ററിനറി ക്ലിനിക്കുകളുടെ പരിധിയിലെല്ലാം സർജറി യൂനിറ്റിന്റെ സേവനമെത്തും. മൊബൈൽ വെറ്ററിനറി യൂനിറ്റുകളുടെ പ്രവർത്തന സമയം വൈകിട്ട് ആറു മുതൽ രാവിലെ അഞ്ച് വരെയും സർജറി യൂനിറ്റുകളുടേത് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയുമാണ് ക്രമീകരിച്ചിട്ടുള്ളത്.പരിശീലനം ലഭിച്ച ഒരു ഡോക്ടറും ഡ്രൈവർ കം അറ്റൻഡറുമാണ് മൊബൈൽ വെറ്ററിനറി യൂനിറ്റുകളിലുളളത്. പരിശീലനം ലഭിച്ച സർജൻ, ഡോക്ടർ ഡ്രൈവർ കം അറ്റൻഡർ എന്നിവരാണ് സർജറി യൂനിറ്റുകളിലുളളത്. നിശ്ചയിച്ചിട്ടുള്ള നിരക്കുകളുടെ അടിസ്ഥാനത്തിലാണ് മൊബൈൽ യൂനിറ്റുകളുടെ സേവനം കർഷകർക്ക് നൽകുന്നത്. കഴിഞ്ഞ ജൂൺ മുതലാണ് യൂനിറ്റുകളുടെ പ്രവർത്തനം ജില്ലയിലാരംഭിച്ചത്.
നാല് മാസം; 60 സർജറികൾ
മൃഗങ്ങൾക്കുണ്ടാകുന്ന ഏത് തരം അസ്വസ്ഥതകൾക്കും പരിഹാരമായി സദാ ജാഗരൂകരായി പ്രവർത്തന സജ്ജമാണ് സംഘം. ഇതിനായി 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കാൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂനിറ്റുകളുടെ സേവനം കർഷകരുടെ വീട്ടുപടിക്കൽ സാധ്യമാകുന്നത്. അടിയന്തര ഘട്ടങ്ങളിലല്ലാതെ മുൻകൂർ അപ്പോയിൻറ്മെന്റ് നൽകിയാണ് ശസ്ത്രക്രിയകൾ നടത്തുന്നത്. നാല് മാസത്തിനിടെ ജില്ലയിൽ ഇത്തരത്തിൽ 60 ശസ്ത്രക്രിയകളാണ് മൊബൈൽ യൂനിറ്റ് നേതൃത്വത്തിൽ നടന്നത്. വളർത്തുനായകളുടേയും പൂച്ചകളുടേയും വന്ധ്യംകരണം മുതൽ ഹെർണിയ അടക്കം ശസ്ത്രക്രിയകളും പശു, എരുമ,ആട് അടക്കമുളളവയുടെ സിസേറിയൻ ശസ്ത്രക്രിയകളും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
നിരക്കുകൾ നിശ്ചയിച്ച് സർക്കാർ
മൊബൈൽ യൂനിറ്റുകളുടെ സേവനത്തിന് സർക്കാർ വിവിധ തരത്തിലുളള നിരക്കുകളും നിശ്ചയിച്ചിട്ടുണ്ട്.പശു,പോത്ത്,കാള, എരുമ അടക്കം മൃഗങ്ങളുടെ സാധാരണ ചികിത്സക്ക് 450 രൂപയും അധികമായി വരുന്ന ഓരോ മൃഗത്തിനും 200 രൂപ വീതവുമാണ് ഈടാക്കുന്നത്.ഗർഭപരിശോധനകൾക്കും ഇതേ നിരക്കാണ്.സിസേറിയന് 4000 വും വലിയ ശസ്ത്രക്രിയകൾക്ക് 3000 രൂപയുമാണ് നിരക്ക്.ആടുകളുടെ പ്രസവം, സിസേറിയൻ, മറ്റ് സർജറികൾ എന്നിവക്ക് 1450 ആണ് ഫീസ്.ഓമന മൃഗങ്ങളുടേയും പക്ഷികളുടേയും വിവിധ ചികിത്സകൾക്ക് 950 രൂപയാണ് ഫീസ്.ജില്ല മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ മൊബൈൽ യൂനിറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് ഓരോ ജില്ലയിലും സംഘത്തെ നിയോഗിച്ചിട്ടുണ്ട്.


