ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കാര്‍ഷികമേഖലയിലും നടപ്പാക്കും -മന്ത്രി പി. പ്രസാദ് വണ്ണപ്പുറം സ്മാര്‍ട്ട് കൃഷിഭവന് ഉദ്ഘാടനം ചെയ്തു
text_fieldsവണ്ണപ്പുറം സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു
തൊടുപുഴ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. വണ്ണപ്പുറം സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇന്നത്തെ കാലത്ത് ലഭ്യമായ സാങ്കേതിക വിദ്യകള്‍ കൃഷിയിലും ഉള്‍പ്പെടുത്തണം. ഇതിനായി കര്‍ഷകര്‍ക്ക് പരിശീലനം നല്‍കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഉപകരണങ്ങള്‍ വഴി വന്യമൃഗ ശല്യം തടയാന്‍ സാധിക്കും. ഇത്തരം ഉപകരണങ്ങള്‍ കൃഷിക്കാര്‍ക്ക് ലഭ്യമാക്കും.
വന്യജീവി സംഘര്‍ഷം നേരിടുന്ന തൊടുപുഴ നിയോജകമണ്ഡലത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ഉല്പന്നങ്ങള്ക്ക് താങ്ങ് വില നിശ്ചയിക്കണമെന്നും വന്യജീവി ശല്യം നേരിടുന്ന പ്രദേശത്തെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച പി.ജെ. ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എബ്രഹാം സെബാസ്റ്റ്യന്‍ സ്മാര്‍ട്ട് കൃഷിഭവന് പദ്ധതി വിശദീകരിച്ചു. ആത്മ ഇടുക്കി പ്രോജക്ട് ഡയറക്ടര്‍ ഡീന എബ്രഹാം, ക്രോപ്പ് ഹെല്‍ത്ത് ക്ലിനിക് ആന്റ് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് അവതരണം നടത്തി.
മുതിര്‍ന്ന കര്ഷകന് സേവ്യര്‍ ഔസേപ്പ് കുന്നപ്പള്ളില്‍ മുള്ളരിങ്ങാടിനെ ചടങ്ങില്‍ ആദരിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് കാര്‍ഷിക സെമിനാറുകള്‍, അഗ്രോ ക്ലിനിക്ക്, കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞരുടെ ക്ലാസ്, പൊതുയോഗം തുടങ്ങിയ വിവിധ പരിപാടികളും നടന്നു.


