ലഹരിക്കേസ്; അഞ്ച് മാസത്തിനുള്ളിൽ എക്സൈസ് പിടിയിലായത് ആയിരത്തിലേറെ പേർ
text_fieldsതൊടുപുഴ: ജില്ലയിൽ അഞ്ചുമാസത്തിനിടെ ലഹരിക്കേസുകളിൽ എക്സൈസിന്റെ വലയിലായത് ആയിരത്തിലേറെ പേർ. അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലായി 1027 പേർ അറസ്റ്റിലായതായാണ് എക്സൈസ് കണക്ക്. ഇതിൽ 548 പേർ പിടിയിലായത് അബ്കാരി കേസുകളിലാണെങ്കിൽ 479 പേർ വലയിലായത് എൻ.ഡി.പി.എസ് കേസിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പൊലീസ് പിടികൂടിയ കേസുകളുടെ എണ്ണംകൂടി കണക്കാക്കുമ്പോൾ ഇതിന്റെ ഇരട്ടിയോളം വരും.
രജിസ്റ്റർ ചെയ്തത് 1147 കേസ്
ഇക്കാലയളവിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത ലഹരിക്കേസുകളുടെ എണ്ണം 1147 ആണെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 556 അബ്കാരി കേസും 591 എൻ.ഡി.പി.എസ് കേസും ഉൾപ്പെടുന്നുണ്ട്.
വിദേശമദ്യവും വ്യാജമദ്യവും അടക്കമാണ് അബ്കാരി കേസുകളിൽ പിടികൂടിയതെങ്കിൽ കഞ്ചാവ് മുതൽ എം.ഡി.എം.എ അടക്കമുള്ള വീര്യമുള്ള ലഹരിമരുന്നുകളാണ് എൻ.ഡി.പി.എസ് കേസുകളിൽ പിടികൂടിയത്. അന്തർ സംസ്ഥാനക്കാരെയും കൗമാരക്കാർ, വിദ്യാർഥികൾ എന്നിവരെയും ലക്ഷ്യമാക്കിയാണ് ലഹരിമാഫിയ സംഘത്തിന്റെ പ്രവർത്തനം.
ഓണക്കാല പരിശോധന ശക്തമാക്കാൻ എക്സൈസ്
ഓണക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയാനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ജില്ലയില്‍ സ്പെഷല്‍ ഡ്രൈവ് നടത്താനാണ് വകുപ്പ് തീരുമാനം. ഇതിന്റെ ഭാഗമായി എക്സൈസ് ഡിവിഷന് ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിക്കും.
ഈമാസം നാലു മുതല്‍ സെപ്റ്റംബര്‍ ഒമ്പതു വരെയാണ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഡിവിഷനല്‍ കണ്ട്രോള് റൂമില്‍ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാൻ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ് ടീമിനെ നിയമിച്ചിട്ടുണ്ട്.
ലഹരിക്കെതിരായ പോരാട്ടത്തിന് പ്രഥമ പരിഗണന –ജില്ല പൊലീസ് മേധാവി
തൊടുപുഴ: മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനാണ് പ്രഥമ മുന്‍ഗണനയെന്ന് പുതുതായി ചുമതലയേറ്റ ജില്ല പൊലീസ് മേധാവി കെ.എം. സാബു മാത്യു. ലഹരി പൂർണമായി തുടച്ചുനീക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന്റെ നയം.
അതിനാല്‍ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ഗൗരവത്തോടെ കാണും. ഇത്തരം കേസുകളിൽ കുറ്റവാളികൾക്ക് പരമാവധി വേഗത്തിൽ ശിക്ഷയുറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലതല എക്സൈസ് കണ്ട്രോള് റൂം- ടോള്‍ ഫ്രീ നമ്പര്‍ 18004253415, ഹോട്ട് ലൈന്‍ നമ്പര്‍: 155358