വീണ്ടും കാട്ടാനക്കലി ഭീതിയിൽ മലയോരം
text_fieldsമൂന്നാർ ടൗണിലിറങ്ങിയ ‘വിരിഞ്ഞ കൊമ്പൻ’ എന്ന കാട്ടാന
തൊടുപുഴ: മലയോരത്തെ ഭീതിയിലാക്കി വീണ്ടും കാട്ടാനക്കലി. ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ തൊഴിലാളി മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചപ്പൻ (68) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു.
പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ജൂൺ എട്ടിന്ചിന്നക്കനാലിൽ മകനെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ മാരി (36) എന്ന സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റു മരിക്കുകയും മകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് വീണ്ടും കാട്ടാനക്കലി ഒരു ജീവൻകൂടിയെടുത്തത്.
മന്ത്രിയുടെ ഉറപ്പ് പാഴായി; കാട്ടാനകൾ വിലസുന്നു
മാരിയുടെ മരണത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച വനം മന്ത്രി ഷിബു ബേബി ജോൺ നൽകിയ വാക്കുകൾ പാഴായെന്നാണ് നാട്ടുകാരുടെ ആരോപണം. കാട്ടാനകളെ ജനവാസകേന്ദ്രങ്ങളിൽനിന്ന് തുരത്താനുള്ള നടപടികളടക്കം കാര്യക്ഷമമാക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.
എന്നാൽ, അതിന് ശേഷവും കാട്ടാനകൾ മലയോര മേഖലകളിൽ ഭീതി വിതക്കുകയായിരുന്നു. മൂന്നാർ ടൗൺ അടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലും കാട്ടാനകൾ നിരന്തരം ഭീതി വിതക്കുകയാണ്.
മറയൂർ അടക്കമുള്ള വിവിധ പ്രദേശങ്ങളിലും കാട്ടാനയും കടുവയും പുലിയും കാട്ടുപോത്തും ജനവാസ മേഖലകളെയടക്കം വിറപ്പിക്കുകയാണ്.
കാട്ടാനകൾ നാട്ടിൽ വിലസുന്നു
അടിമാലി: ദേവികുളം വനം ഡിവിഷന് കീഴിൽ വിവിധ പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ ടൗണിൽ വിരിഞ്ഞ കൊമ്പൻ എന്ന കാട്ടാനയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ ഇറങ്ങിയത്. ഇതോടെ വിനോദസഞ്ചാരികളും വ്യാപാരികളും നാട്ടുകാരും ആശങ്കയിലായി. രണ്ടുതവണ വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തിയതിന് ശേഷമാണ് ടൗണിൽനിന്ന് കാട്ടാനയെ തുരത്താൻ കഴിഞ്ഞത്.
ഈ വർഷം തുടക്കത്തിൽ കാട്ടുപോത്തുകൾ രണ്ടുവട്ടം ടൗണിൽ ഇറങ്ങിയിരുന്നു. പഴയ മൂന്നാറിൽ പലകുറി പുലിയുമിറങ്ങി. വിരിഞ്ഞ കൊമ്പന് പുറമെ പടയപ്പയെന്ന കാട്ടാനയും ജനവാസ മേഖലയിൽ കറങ്ങുന്നുണ്ട് . 17 കാട്ടാനകളാണ് ചിന്നക്കനാലിലുള്ളതെന്നാണ് കണക്ക്. അടുത്തിടെ ആറ് വീടുകൾ നശിപ്പിക്കുകയും ഒരു റേഷൻ കട തകർക്കുകയും ചെയ്തു. കൂടാതെ റോഡ് വക്കിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ പൂർണമായി നശിപ്പിച്ചു. സൈലൻറ് വാലിയിൽ പടയപ്പ ഒരു കടയും വെയ്റ്റിങ് ഷെഡും തകർത്തിട്ട് അധിക നാളായില്ല. മാട്ടുപ്പെട്ടി, ചിന്നക്കനാൽ, സൈലന്റ് വാലി, കാഞ്ഞിരവേലി, പാട്ടയടമ്പ്, കമ്പിലൈൻ, ശാന്തൻപാറ മേഖലകളിലാണ് ഏറ്റവും കൂടുതൽ കാട്ടാനകൾ മേയുന്നത്. വനത്തിലേക്ക് തുരത്തുന്ന കാട്ടാനകൾ വീണ്ടും കറങ്ങിത്തിരിഞ്ഞ് നാട്ടിലെത്തുകയാണ്. ഇതോടെ ഒരോ ദിവസവും ലക്ഷങ്ങളുടെ കാർഷിക വിളകളാണ് ഇവ നശിപ്പിക്കുന്നത്. ഇപ്പോൾ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലാണ് കാട്ടാനകളിറങ്ങുന്നത്. വനത്തിൽ കാട്ടാനകൾക്ക് വസിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. തീറ്റയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. കാട്ടാനകളെ നിരന്തരമായി വനത്തിലേക്ക് മാറ്റാനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുണ്ടളയിൽ കഴിഞ്ഞ ദിവസം കടുവ പശുവിനെ കൊന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.


