ഹലോ കേൾക്കുന്നുണ്ടോ... ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട പരാതികൾക്ക് അടിയന്തര പരിഹാരം വേണമെന്ന് എം.പി
text_fieldsതൊടുപുഴ: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ നൽകി വരുന്ന സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്നും ഉപഭോക്താക്കളിൽനിന്നും ഉണ്ടായിക്കൊണ്ടിരുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. തൊടുപുഴ പി.ഡബ്ല്യു.ഡി ഹാളിൽ നടന്ന ജില്ലയിലെ ബി.എസ്.എൻ.എൽ അവലോകനയോഗത്തിലാണ് എം.പി ഇക്കാര്യം ഉന്നയിച്ചത്.
എല്ലാ സാങ്കേതിക പോരായ്മകളും പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിച്ച് 4ജി, 5ജി വിവര വിനിമയ ശൃംഖലയിലേക്ക് ചുവട് വെക്കണമെന്നും എം.പി പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ബി.എസ്.എൻ.എൽ നൽകി വരുന്ന വിവിധ സേവനങ്ങൾ 4 ജിയിലേക്ക് മാറ്റപ്പെട്ട ടവർ ലൊക്കേഷനുകളുടെ ഏരിയകളിൽ അതിനനുസരിച്ചുള്ള മൊബൈൽ ഫോണും ഡിവൈസുകളും ഉപയോഗിക്കുന്നതിലൂടെ മാത്രമെ ഇപ്പോൾ അഭിമുഖീകരിക്കുന്ന നെറ്റ്വർക്ക് കവറേജ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് കഴിയുകയുള്ളു.
4ജി സാച്വറേഷനിലേക്കും വോൾട്ട് കാൾ സ്റ്റെബിലൈസേഷനിലേക്കും സാധാരണക്കാരായ ഉപഭോക്താക്കൾ എത്തുന്നതിന് താമസം നേരിടുമെന്നതിനാൽ നിലവിൽ പ്രവർത്തന സജ്ജമായ എല്ലാ ടവറുകളിലും 3 ജി കൂടി ഒരു മാസത്തിനുള്ളിൽ താത്ക്കാലികമയി പുനഃസ്ഥാപിക്കാൻ പ്രിൻസിപ്പൽ ജനറൽ മാനേജർ നിർദേശം നൽകി.
കവറേജ് പ്രശ്നം ചൂണ്ടിക്കാട്ടി പ്രതിനിധികൾ; നേരിട്ട് പരിശോധിക്കാൻ നിർദേശം
കൊക്കരക്കുളം, സന്യാസിയോട, അന്യാർതൊളു, തിങ്കൾക്കാട്, വാത്തിക്കുടി, പടമുഖം, അമലഗിരി, നല്ലതണ്ണി, മുണ്ടൻമുടി, ഇല്ലിചാരി, മൂന്നാർ, പെട്ടിമുടി, നടയാർ, നല്ലതണ്ണി എസ്റ്റേറ്റ് , കൊളമാങ്കൈ, ദേവികുളം, പഴമ്പള്ളിച്ചാൽ, മാങ്കുളം, കുറത്തിക്കുടി, വഞ്ചിവയൽ തുടങ്ങി കവറേജുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ആപ്രദേശങ്ങളിലെ പഞ്ചായത്ത് പ്രതിനിധികൾ യോഗത്തിന്റെ ശ്രദ്ധയിൽപെടുത്തി. പോരായ്മകൾ നിലനിൽക്കുന്നയിടത്തെ ബി.എസ്.എൻ.എല്ലിന്റെ ചുമതലപ്പെട്ട എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ജനപ്രതിനിധികളുടെ സഹായത്തോടെ 10 ദിവസത്തിനുള്ളിൽ നേരിട്ട് പരിശോധിക്കുകയും പരിഹാര നടപടി സ്വീകരിക്കുകയും ചെയ്യാൻ നിർദേശം നൽകി.
ജില്ലയിൽ ആകെയുള്ള ടവറുകളുടെ പ്രവർത്തനം അനുദിനം നിരീക്ഷിക്കുന്നതായും സോളാർ കണക്ഷൻ, ഇലക്ട്രിസിറ്റി , ബാറ്ററി ബാക്ക് അപ് മുതലായവയുടെ പോരായ്മകൾ പരിഹരിക്കുന്നതിന് സത്വര ശ്രദ്ധ നൽകി വരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതാനായി അടുത്തമാസവും ഇടുക്കിയിലെത്തുമെന്നും 4ജി സാച്വറേഷൻ നടത്തിയിട്ടുള്ള എല്ലാ ടവർ ലൊക്കേഷനുകളും നേരിട്ട് പരിശോധിക്കുമെന്നും പ്രിൻസിപ്പൽ ജനറൽ മാനേജർ അറിയിച്ചു. യോഗത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർ രാജീവ്, ഡെപ്യൂട്ടി ജനറൽ മാനേജർ ചന്ദ്രശേഖർ എം.എൽ, അസി. ജനറൽ മാനേജർമാരായ അശോക്, ശിവശങ്കർ, ഗോവിന്ദ ഗുഡി, സോണി കുര്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


