എവിടെ, സായാഹ്ന ഒ.പി?
text_fieldsതൊടുപുഴ: ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിട്ടും ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ വൈകീട്ട് ആറുവരെ സായാഹ്ന ഒ.പി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. മൂന്ന് ഡോക്ടര്‍മാരും രണ്ടുവീതം നഴ്സുമാരും ഫാര്‍മസിസ്റ്റും ഉള്ള ഇടങ്ങളിൽ വൈകീട്ട് ആറുവരെ സായാഹ്ന ഒ.പി തുടങ്ങുമെന്നാണ് പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ബ്ലോക്ക് പി.എച്ച്.സികളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ഉയർത്തുമ്പോൾ സർക്കാർ ഉത്തരവിൽ ഉണ്ടായിരുന്നത്.
ഇതിന്റ അടിസ്ഥാനത്തിൽ തസ്തികയില്ലാത്ത സ്ഥാപനങ്ങളിൽ കൂടുതൽ തസ്തിക അനുവദിക്കുകയും സ്ഥാപനങ്ങളെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായും ഉയർത്തുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതിനെ തുടർന്ന് കിടത്തിച്ചികിത്സ ഉണ്ടായിരുന്ന പലസ്ഥാപനങ്ങളിലും അത് പൂർണമായും നിർത്തി.
നല്ലനിലയിൽ കിടത്തിച്ചികിത്സ നടന്നിരുന്ന മുട്ടം, കഞ്ഞിക്കുഴി, ഉപ്പുതറ, അറക്കുളം എന്നിവിടങ്ങളിൽ ഇത് പൂർണമായും നിലച്ചു. കൂടുതൽ ഡോക്ടർമാരും ജീവനക്കാരും ഉണ്ടായിട്ടും ഇവിടങ്ങളിൽ ആറുമണിവരെ സായാഹ്ന ഒ.പി പോലും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപഞ്ചായത്തുകൾക്കും ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ അനുമതി നൽകുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ പഞ്ചായത്തുകൾ വഴിയും എൻ.എച്ച്.എം വഴിയും ജീവനക്കാരെ നിയമിച്ചിട്ടും ഭൂരിപക്ഷം സ്ഥാപനങ്ങളിലും ആറുമണിവരെ ഡോക്ടറുടെ സേവനം കിട്ടുന്നില്ല. മുടങ്ങിപ്പോയ കിടത്തിച്ചികിത്സ പുനരാരംഭിക്കാനും ഇതുവരെ നടപടിയില്ല.
സായാഹ്ന ഒ.പി ഏറ്റവും കൂടുതൽ പ്രയോജനം ചെയ്യുക തോട്ടംതൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കുമാണ്. തൊഴിൽ കഴിഞ്ഞ് എത്തുന്നവർക്ക് വൈകിയാണെങ്കിലും ഡോക്ടറെ കാണാൻ അവസരം കിട്ടുമെന്നതാണ് ഗുണം.
കുമളി, ചിത്തിരപുരം (ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം), വണ്ടൻമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ നിലവിൽ കിടത്തിച്ചികിത്സയുണ്ട്. സാഹയാഹ്ന ഒ.പി ആറുവരെ കൊന്നത്തടി, രാജകുമാരി, ബൈസൺവാലി, വാത്തിക്കുടി, രാജാക്കാട് എന്നിവിടങ്ങളിൽ ലഭിക്കുന്നുണ്ട്. തട്ടക്കുഴയിൽ അഞ്ചുവരെയും അറക്കുളം, പുറപ്പുഴ, രാജാക്കാട്, കുമാരമംഗലം, വണ്ണപ്പുറം, കരിമണ്ണൂർ, മുട്ടം എന്നിവിടങ്ങളിൽ നാല് വരെയും സാഹയാഹ്ന ഒ.പി ഉണ്ട്.