നിത്യ ചെലവിന് പണമില്ല; പ്രതിസന്ധിയിൽ ഞെരുങ്ങി സമഗ്ര ശിക്ഷ കേരള
text_fieldsതൊടുപുഴ: മൂന്ന് മാസത്തെ ചെലവുകൾക്ക് വേണ്ടത് 135 കോടി, പ്രതിസന്ധിയിൽ ഞെരുങ്ങി എസ്.എസ്.കെ. (സമഗ്ര ശിക്ഷ കേരള) കേന്ദ്രം ഫണ്ട് തടഞ്ഞതോടെയാണ് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന പദ്ധതി പ്രതിസന്ധിയിലായത്. പി.എം.ശ്രീ പദ്ധതി നടപ്പാക്കാത്തതാണ് കേന്ദ്ര വിഹിതം തടയാൻ കാരണം. ഇതിലൂടെ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണമാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണ് സംസ്ഥാന സർക്കാർ വാദം.
നിലവിൽ എസ്.എസ്.കെ പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. പ്രതിസന്ധി താത്കാലികമായെങ്കിലും മറികടക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നുളള തുക ഉടൻ ലഭ്യമാക്കാൻ സർക്കാർ തലത്തിൽ നീക്കമാരംഭിച്ചിട്ടുണ്ട്. ശമ്പളമടക്കം മുടങ്ങിയതോടെ പദ്ധതിയിൽ പ്രവർത്തിക്കുന്ന 6743 ജീവനക്കാരാണ് ദുരിതത്തിലായത്. ഇതിൽ 5006 പേർ കരാറടിസ്ഥാനത്തിലും 1115 പേർ ദിവസ വേതനാടിസ്ഥാനത്തിലും 627 പേർ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലും ജോലി ചെയ്യുന്നവരാണ്.
2023-24, 2024-25 സാമ്പത്തിക വർഷത്തെ കേന്ദ്രവിഹിതമായ 610 കോടിയോളം രൂപയാണ് തടഞ്ഞത്. ഇതോടെ ഏപ്രിൽ മുതൽ പദ്ധതിയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യമായി. പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സർക്കാർ മുൻകൂർ വിഹിതമായി 20 കോടി രൂപ അനുവദിച്ചാണ് ഏപ്രിൽ മാസത്തെ ശമ്പളം നൽകിയത്. എന്നാൽ ഇതിന് ശേഷം വീണ്ടും രണ്ട് മാസത്തെ ശമ്പളം കുടിശ്ശികയാണ്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ശമ്പളം അടക്കം അടിയന്തര കാര്യങ്ങൾക്കായി 13569.70 ലക്ഷം രൂപ നൽകണമെന്ന് കാണിച്ച് കഴിഞ്ഞ മെയ് 31 ന് സർക്കാറിന് കത്ത് നൽകിയിരുന്നു.
ഇതിനെ തുടർന്ന് മെയ് മാസത്തെ ശമ്പളത്തിനുളള തുകയും കുട്ടികളുടെ യൂനിഫോം അലവൻസ് തുകയും നൽകുന്നതിനായി 40 കോടി രൂപ അനുവദിച്ച് കഴിഞ്ഞ 11 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് നടപ്പായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പുതിയ അധ്യയന വർഷമാരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോഴും വിദ്യാലയങ്ങളിൽ കാര്യമായ ഇടപെടൽ നടത്താൻ കഴിയാതെ സ്തംഭിച്ച് നിൽക്കുകയാണ് പദ്ധതി.