പ്ലാസ്റ്റിക് വേണ്ടേ വേണ്ട; നോ പറയാനൊരുങ്ങി മലയോര പഞ്ചായത്തുകൾ
text_fieldsതൊടുപുഴ: സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങി ജില്ലയിലെ മലയോര പഞ്ചായത്തുകൾ. ഹൈകോടതി നിർദേശത്തെ തുടർന്നാണ് ജില്ലയിലെ പത്ത് പഞ്ചായത്തുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനമേർപ്പെടുത്തുന്നത്. ഒക്ടോബർ രണ്ട് മുതൽ നിരോധനം നടപ്പാക്കാനാണ് തീരുമാനം. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗം; പരാതികളേറെ
പ്ലാസ്റ്റിക് ഉപയോഗത്തിന് സർക്കാർ, നിരോധനങ്ങളും നിയന്ത്രണങ്ങളുമെല്ലാം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവയുടെ ഉപയോഗം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. പ്രത്യേകിച്ച് ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മലയോര മേഖലകളിലും എത്തുന്ന സഞ്ചാരികളടക്കമുളളവർ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതായ പരാതികളും ഉയർന്നിരുന്നു. ഇത്തരം നടപടികൾ പരിസ്ഥിതിക്കും വന്യമൃഗങ്ങളടക്കമുളളവയുടെ നിലനിൽപ്പിനും ഭീഷണിയാണെന്ന് പരാതികളുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും ഇത്തരം കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും മറ്റും സ്ഥാപിച്ചിരുന്നു. ഇടക്കിടെ പരിശോധനകളും നടത്തിവന്നു. എന്നാൽ ഇതൊന്നും ഫലവത്താകുന്നില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് നിരോധനം കർശനമാക്കി ഹൈകോടതിയുടെ ഇടപെടലുണ്ടായത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സംരക്ഷണം ലക്ഷ്യം
ഒറ്റത്തവണ ഉപയോഗിക്കുന്ന അഞ്ച് ലിറ്ററിൽ താഴെയുളള പ്ലാസ്റ്റിക് കുപ്പികൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, കപ്പുകൾ, സ്ട്രോകൾ, കട്ട്ലറി, സ്പൂൺ അടക്കമുളളവയുടെ വിൽപനയും ഉപയോഗവുമാണ് കോടതി നിർദേശത്തെ തുടർന്ന് നിരോധിക്കുന്നത്. ഇത് വഴി വനപ്രദേശങ്ങളുടെയും ടൂറിസം മേഖലയുടെയും സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ പ്രധാന പരിസ്ഥിതി ലോല പഞ്ചായത്തുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇതിന്റെ ഭാഗമായി ബോധവത്കരണവും പരിശോധനകളും നിയമനടപടികളും കാര്യക്ഷമമാക്കും. തദ്ദേശ വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് നിരോധനം കാര്യക്ഷമമാക്കാൻ പദ്ധതി ആസൂത്രണം ചെയ്യുന്നത്. കോടതി നിർദേശം വന്നതോടെ തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലതലങ്ങളിലും അവലോകന യോഗങ്ങളും ചേരുന്നുണ്ട്.
ജില്ലയിൽ നടപ്പാക്കുന്നത് പത്ത് പഞ്ചായത്തുകൾ
കോടതി നിർദ്ദേശത്തെ തുടർന്ന് ആദ്യഘട്ടം നിരോധനം കർശനമായി നടപ്പാക്കുന്നത് ജില്ലയിലെ പത്ത് പഞ്ചായത്തുകളിലാണ്. മൂന്നാർ, അടിമാലി, മാങ്കുളം, പള്ളിവാസൽ, മറയൂർ, ദേവികുളം, കാന്തല്ലൂർ, വട്ടവട, കുമളി, ഏലപ്പാറ എന്നിവയാണവ. അടുത്ത ഘട്ടത്തിൽ കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നിരോധനം വ്യാപിപ്പിക്കുമെന്നാണ് വിവരം.
നടപടികൾ വേഗത്തിലാക്കുമെന്ന് ജോയന്റ് ഡയറക്ടർ
കോടതി നിർദേശ പ്രകാരം ജില്ലയിലെ പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് നിരോധന നടപടി ക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ചുമതല വഹിക്കുന്ന തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ ട്രീസ ജോസ് ‘മാധ്യമ’ത്തോട് പറഞ്ഞു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെയും വ്യാപാരി വ്യവസായി സംഘടന അടക്കമുളളവരുടെയും, ടൂറിസം ഓപ്പറേറ്റർമാരുടെയും പിന്തുണയോടെ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രാഥമിക നടപടികൾ നടന്നുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.