ഉത്രാട പാച്ചിലിലേക്ക്
text_fieldsതൊടുപുഴ: തിരുവോണം കെങ്കേമമാക്കാൻ ഉത്രാടപ്പാച്ചിലിനൊരുങ്ങി നാട്. ഓണത്തെ വരവേൽക്കാനായുളള അവസാനവട്ട ഒരുക്കങ്ങൾക്കായി നാടുംനഗരവും സജീവമാകുന്ന ദിനമാണിന്ന്. അത്തം പിറന്നത് മുതൽ തിരുവോണത്തെ വരവേൽക്കാനായി മുന്നൊരുക്കമാരംഭിക്കുകയും അവസാനവട്ടം ഉത്രാടപ്പാച്ചിലിലൂടെ പൂർത്തിയാക്കുന്നതുമാണ് പതിവ് രീതി. ഇതോടെ ഇന്ന് നാടും നഗരവും ജനനിബിഡമാകും. പച്ചക്കറി, പൂവ്, പാൽ, പഴം വിപണികളാണ് ഇന്ന് കൂടുതൽ സജീവമാകുക.
അത്തം മുതൽ ഓണാരവം
തിരുവോണത്തിന്റെ വരവറിയിച്ച് അത്തം മുതൽ തുടങ്ങിയ ആഘോഷ പരിപാടികൾക്കും ആരവങ്ങൾക്കുമാണ് ഉത്രാടത്തോടെ സമാപനമാകുന്നത്. ജില്ലയിലെമ്പാടും തിരുവോണത്തെ വരവേൽക്കാൻ വിവിധ രീതിയിലുളള പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഉത്സവകാലത്തെ വിലക്കയറ്റം തടയാനായി സർക്കാർ, സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിപണനമേളകൾ നടത്തി. സപ്ലൈകോ, കുടുംബശ്രീ, കൺസ്യൂമർഫെഡ്, കൃഷി വകുപ്പ്, സഹകരണ വകുപ്പ് നേതൃത്വത്തിൽ പഞ്ചായത്ത്തലം മുതൽ ജില്ലതലം വരെ നടത്തിയ മേളകളിൽ വലിയ ജനപങ്കാളിത്തമാണ്.
വെളിച്ചെണ്ണയടക്കമുളള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മറികടക്കാൻ ഇവിടങ്ങളിൽ സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ നൽകിയത് പൊതുജനങ്ങൾക്ക് ആശ്വാസമായി. ഇതോടൊപ്പം ടെക്സ്റ്റയിൽസുകളിലടക്കം ഇളവുകളും ഓഫറുകളും പ്രഖ്യാപിച്ച് ഉപഭോക്താക്കളെ പിടിക്കാനുളള അന്തിമ ശ്രമത്തിലാണ്. ഉത്രാടദിനം ഇവിടങ്ങളിലെല്ലാം ജനത്തിരക്കേറുമെന്നാണ് വിലയിരുത്തൽ.
പ്രതീക്ഷയിൽ വ്യാപാരികൾ
അത്തം പിറന്നത് മുതൽ ഏതാനും ദിവസങ്ങളിൽ ഇടവിട്ട് മഴ പെയ്തെങ്കിലും മഴ പ്രതിസന്ധി സൃഷ്ടിക്കാത്തത് ആശ്വാസകരമായി. അലർട്ടുകൾ ഭീഷണിയായെങ്കിലും മഴ ആ രീതിയിലേക്കെത്തിയില്ല. ഉത്രാടദിനവും മഴ മാറിനിൽക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളടക്കമുളളവർ. ഉത്രാടപ്പാച്ചിലിന്റെ ഭാഗമായി വൻ ജനക്കൂട്ടം തന്നെ ഇന്ന് വ്യാപാരകേന്ദ്രങ്ങളിലെത്തുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ, മഴ പെയ്താൽ ജനം പുറത്തിറങ്ങാതിരിക്കുകയും അത് വിപണിയെ തന്നെ ബാധിക്കുകയും ചെയ്യുമെന്ന ആശങ്കയും ഇവർ പങ്കുവക്കുന്നുണ്ട്.