നാടും നഗരവും ഒരുങ്ങി, ഇന്ന് തിരുവോണം; ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്ന് നാട്
text_fieldsഉത്രാടനാളിൽ തൊടുപുഴ നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്
തൊടുപുഴ: തിരുവോണം കെങ്കേമമാക്കുന്നതിനായി നാടും നഗരവും ഉത്രാടപാച്ചിൽ നടത്തി. കാര്‍ഷിക സമൃദ്ധിയുടെ ഒളി മങ്ങാത്ത ഓര്‍മകളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷ ദിനമായ ഉത്രാടത്തില് പതിവ് പോലെ ഗ്രാമ,നഗര ഭേദമന്യേ ജില്ലയും ഓണാവേശത്തിലായി.
ഇടക്കിടെ പെയ്ത മഴ വില്ലനായെങ്കിലും മഴ മാറി നിന്ന ഇടവേളകളിൽ ആളുകൾ ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾക്കായി ഓടി നടന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നുള്ള പഴമക്കാരുടെ വാക്കിനെ അന്വർഥമാക്കുന്ന രീതിയിലായിരുന്നു വിവിധ പ്രദേശങ്ങളിലെ ഉത്രാടദിന കാഴ്ച്ച.
ഉത്രാട ദിനത്തിലെ ഒന്നാം ഓണത്തിന് കുട്ടികളുടെ ഓണം എന്നും വിളിപ്പേരുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ഒന്നാം ഓണം ആഘോഷിക്കുമെന്നാണ് ഇതിനർഥം.
വ്യാപാര സ്ഥാപനങ്ങളിൽ വൻ തിരക്ക്
തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്. ഇതിനായി ആളുകൾ കൂട്ടത്തോടെ നഗരത്തിലേക്കിറങ്ങിയതോടെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും തിരക്കനുഭവപ്പെട്ടു. ടൗണിലടക്കം ഗതാഗതക്കുരുക്കും രൂക്ഷമായി.
തുണിക്കടകളിലും പച്ചക്കറിക്കടകളിലുമായിരുന്നു തിരക്കേറെയും. തിരുവോണ സദ്യ കെങ്കേമമാക്കുന്നതിനുളള സാധനങ്ങൾക്കായി ആളുകൾ കൂട്ടമായെത്തിയതോടെയാണ് തിരക്കേറിയത്. ഇതോടൊപ്പം തിരുവോണ ദിവസം തന്നെ നബിദിനവും കൂടി വന്നതോടെ കലാപരിപാടികൾക്കുളള സമ്മാനങ്ങളും ഘോഷയാത്രക്കുമുളള സാധനങ്ങളും മധുരപലഹാരങ്ങളും വാങ്ങാനും ഏറെ ആളുകളെത്തി. ഇതും തിരക്ക് വർധിപ്പിക്കാനിടയാക്കി.
ആശങ്കയുയർത്തി മഴ
ഉത്രാട ദിനത്തിൽ ഇടവിട്ടുളള മഴയെത്തിയത് വ്യാപാരികൾക്കടക്കം ആശങ്കയായി. രാവിലെ തന്നെ അതിശക്തമായ മഴ പെയ്തെങ്കിലും ഒരു മണിക്കൂറിന് ശേഷം തോർന്നു. ഇടക്ക് മഴ ചാറിയെങ്കിലും ശക്തമായില്ല. എന്നാൽ ഉച്ചക്ക് ശേഷം വീണ്ടും ശക്തമായ മഴ പെയ്തു. പകൽ സമയത്ത് വ്യാപാരസ്ഥാപനങ്ങളിൽ തിരക്ക് അനുഭവപ്പെട്ടെങ്കിലും മഴ ശക്തമായതോടെ തിരക്കൊഴിഞ്ഞു. ഓണക്കാലത്ത് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത് ഉത്രാട ദിനത്തില്‍ ഉച്ചക്കുശേഷമാണ്. മഴ ആശങ്കയുയർത്തിയെങ്കിലും തുടർച്ചയായി പെയ്യാതിരുന്നത് അനുഗ്രഹവുമായി.
വാഴയില ഇതര സംസ്ഥാനത്തുനിന്ന്
ഓണസദ്യയിൽ ഒഴിവാക്കാനാകാത്ത സ്ഥാനമാണ് സദ്യ വിളമ്പുന്ന വാഴയിലക്കുള്ളത്. വിവിധ തരം കറികളും ചൂടൻ ചോറും സാമ്പാറും പപ്പടവും പായസവുമെല്ലാം വാഴയുടെ കൂമ്പിലയിൽ വിളമ്പി, ചൂടോടെ കഴിക്കുന്നവരാണ് മലയാളികൾ.
എന്നാൽ വാഴയിലക്ക് ക്ഷാമമായതോടെ ഇതിനും അന്തർ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നിലവിലുളളത്. മലയോര കാർഷിക ജില്ലയാണെങ്കിലും ഇവിടേയും ഇലക്ഷാമം രൂക്ഷമാണ്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലെ കമ്പം, തേനി, മേട്ടുപാളയം, കോയമ്പത്തൂർ,തുത്തുക്കുടി,തഞ്ചാവൂർ തെങ്കാശി,തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നാണ് വാഴയില സംസ്ഥാനത്തേക്ക് ഒഴുകുന്നത്. ഇലക്കായി മാത്രം അവിടെ പ്രത്യേക തരം വാഴകൾ നട്ട് പരിപാലിക്കുന്നുമുണ്ട്.
കേരളത്തിൽ ഞാലിപൂവൻ വാഴയുടെ ഇലയാണ് സദ്യ വിളമ്പാൻ പ്രാദേശികമായി ഉപയോഗിക്കുന്നത്. മറ്റ് ഇലകളെ അപേക്ഷിച്ച് ഇത് വേഗം പൊട്ടിപോകില്ലെന്നതാണ് കാരണം.