തൊട്ടിയാര്‍ ജലവൈദ്യുതി പദ്ധതി ഒന്നാം വർഷത്തിലേക്ക്
text_fieldsതൊട്ടിയാർ ജല വൈദ്യുതി പദ്ധതി
തൊടുപുഴ: ഉൽപാദനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ജില്ലയിലെ തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതിയിൽ ഉൽപാദിപ്പിച്ചത് 85.76465 മില്യണ്‍ യൂനിറ്റ് വൈദ്യുതി .
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28 നാണ് മുഖ്യമന്ത്രി പിണറായി വിജയന് പദ്ധതി നാടിന് സമര്‍പ്പിച്ചത്. വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 10നും രണ്ടാം നമ്പര്‍ ജനറേറ്റര്‍ സെപ്തംബര്‍ 30നുമാണ് ഗ്രിഡുമായി ബന്ധിപ്പിച്ച് വാണിജ്യ ഉൽപാദനം ആരംഭിച്ചത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞ അളവില്‍ ജലം മതിയെന്നതാണ് തൊട്ടിയാര്‍ പദ്ധതിയുടെ പ്രത്യേകത.
പദ്ധതിയുടെ സ്ഥാപിത ശേഷി 40 മെഗാവാട്ടും വാര്ഷികോൽപാദനം ലക്ഷ്യമിടുന്നത് 99 ദശലക്ഷം യൂനിറ്റുമാണ്. ജില്ലയിലെ ദേവികുളം താലൂക്കില്‍ മന്നാംകണ്ടം വില്ലേജിലാണ് തൊട്ടിയാര്‍ ജല വൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ നീരൊഴുക്കാണ് പദ്ധതിയുടെ സ്രോതസ്.