വെളിച്ചെണ്ണയിലെ വ്യാജനെ കണ്ടെത്താൻ ‘ഓപറേഷൻ നാളികേര’
text_fieldsതൊടുപുഴ: വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കാനും മായം ചേർത്ത എണ്ണയുടെ വിൽപന തടയാനും പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ജില്ലയിൽ 61 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ 3 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഏഴ് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ഏഴ് സർവൈലൻസ് സാമ്പിളുകളും തുടർ പരിശോധനകൾക്കായി ശേഖരിച്ചു. ഇവ കാക്കനാട്ടെ റീജനൽ അനലിറ്റിക്കൽ ലാബിലേക്ക് അയച്ചതായി അധികൃതർ പറഞ്ഞു.
വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, റീ പാക്കിങ് യൂണിറ്റുകൾ, മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്പെഷൽ ഡ്രൈവായ ‘ഓപ്പറേഷൻ നാളികേര’യുടെ ഭാഗമായി പരിശോധന നടത്തിയതായി ഇടുക്കി അസി.ഫുഡ് സേഫ്റ്റി കമ്മിഷണർ ബൈജു പി.ജോസഫ് പറഞ്ഞു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം.
വിപണിയിൽ കൈകടത്തി വ്യാജൻമാർ
വെളിച്ചെണ്ണ വില കുത്തനെ ഉയർന്നതിനാൽ മായം ചേർക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തിലാണ് ഏറ്റവും കൂടുതൽ വ്യാജൻ പിടിമുറുക്കിയിട്ടുള്ളത്. ബ്രാൻഡുകളുടെ ഉൾപ്പെടെ പേരുപയോഗിച്ച് നിരവധി വ്യാജൻമാർ വിപണിയിലുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. വാസനയും നിറവും ലഭിക്കുന്നതിന് വെളിച്ചെണ്ണയിൽ പാം ഓയിൽ,സൺഫ്ളവർ ഓയിൽ എന്നിവ ചേർക്കുന്നുവെന്നും പറയുന്നു.
ആരോഗ്യത്തിന് ഹാനികരമായ പാംകേർണൽ ഓയിൽ,പാരഫീൻ ഓയിൽ എന്നിവയും വ്യാപകമായി ചേർക്കുന്നുണ്ട്. അമിത ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വെളിച്ചെണ്ണയിൽ വില കുറഞ്ഞ എണ്ണകൾ കലർത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഓണക്കാലമാകുന്നതോടെ വെളിച്ചെണ്ണക്ക് ഡിമാൻഡ് കൂടും. വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
മായം ചേർത്ത വെളിച്ചെണ്ണയുടെ വിൽപനക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ സംശയം തോന്നിയാൽ ഭക്ഷ്യസുരക്ഷാ പരാതി ടോൾ ഫ്രീ നമ്പരായ 1800 425 1125-ൽ വിവരം അറിയിക്കാം.