പ്രതിപക്ഷ അംഗസംഖ്യ കമ്മി; പ്രതിപക്ഷശബ്ദം ദുർബലമായി തദ്ദേശസ്ഥാപനങ്ങൾ
text_fieldsതൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പൂർത്തിയാകുമ്പോൾ ജില്ലയിൽ 24 ഗ്രാമപഞ്ചായത്തുകളിൽ പ്രതിപക്ഷ ശബ്ദം പേരിന് മാത്രമായിരിക്കും. ജില്ലയിലാകെ 52 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഇതിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ കണക്ക് പ്രകാരം യു.ഡി.എഫ്- 36, എൽ.ഡി.എഫ്- 11, മറ്റുള്ളവർ- 01, ഒപ്പത്തിനൊപ്പം- 08 എന്നിങ്ങനെയാണ് ഭരണം ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷം ചുരുങ്ങിയ പഞ്ചായത്തുകളിൽ രണ്ട് മുന്നണികളും ഭരിക്കുന്ന പഞ്ചായത്തുകളുമുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുപക്ഷത്തിനായിരുന്നു മേൽകൈ. എന്നാൽ, ഇത്തവണ സംസ്ഥാന വ്യാപകമായി ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ജില്ലയും വലത് പക്ഷത്തേക്ക് കടപുഴകുകയായിരുന്നു.
ഒറ്റയാന്മാർ നയിക്കും പ്രതിപക്ഷം
പുറപ്പുഴ പഞ്ചായത്തിൽ പ്രതിപക്ഷം ഒറ്റയാന്മാരാണ്. 14 അംഗങ്ങളുള്ള പഞ്ചായത്തിൽ യു.ഡി.എഫിന് 12 അംഗങ്ങളുള്ളപ്പോൾ പ്രതിപക്ഷത്തെ ഇടത് മുന്നണിക്ക് ഒരംഗത്തെ മാത്രമാണ് വിജയിപ്പിക്കാനായത്. ഇവിടെ എൻ.ഡി.എക്കും ഒരംഗമുണ്ട്. ഇവർ രണ്ടുപേരുമായിരിക്കും പ്രതിപക്ഷം. കരിമണ്ണൂർ പഞ്ചായത്തിലും പ്രതിപക്ഷത്ത് ഒറ്റയാന്മാരാണ്. 15 അംഗങ്ങളാണിവിടെയുള്ളത്.
യു.ഡി.എഫിന് 12 അംഗങ്ങളുള്ളപ്പോൾ എൽ.ഡി.എഫ്- 01, ആംആദ്മി- 01, സ്വതന്ത്രൻ- 01 എന്നിങ്ങനെയാണ് കക്ഷിനില. ഇവർ മൂവരുമാകും പ്രതിപക്ഷം. 13 അംഗങ്ങളുള്ള കരിങ്കുന്നത്തും പ്രതിപക്ഷത്തിന്‍റെ അംഗസംഖ്യ കമ്മിയാണ്. ഇവിടെ 11 യു.ഡി.എഫ് അംഗങ്ങളുള്ളപ്പോൾ രണ്ട് സ്വതന്ത്രരും ഒരു എൻ.ഡി.എ പ്രതിനിധിയുമാണ് വിജയിച്ചിട്ടുള്ളത്.
കോടിക്കുളത്തും സ്ഥിതി ഇതേ രീതിയിലാണ്. ഇവിടെ യു.ഡി.എഫിന് 10 പേരുള്ളപ്പോൾ എൽ.ഡി.എഫിന് 02 പേരും 02 സ്വതന്ത്രരുമാണ് വിജയികളായത്. കുമാരമംഗലം പഞ്ചായത്തിലും പ്രതിപക്ഷ ശബ്ദം ദുർബലമാണ്. ഇവിടെ യു.ഡി.എഫ്- 10, എൽ.ഡി.എഫ്- 01, സ്വതന്ത്രർ- 03 എന്നിങ്ങനെയാണ് കക്ഷിനില. മരിയാപുരത്താകട്ടെ 12 യു.ഡി.എഫും 02 എൽ.ഡി.എഫുമാണ് കക്ഷിനില. രാജാക്കാട് പഞ്ചായത്തെത്തിയപ്പോൾ അത് 10 യു.ഡി.എഫും 03 എൽ.ഡി.എഫും 01 സ്വതന്ത്രനുമായി. എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ ശാന്തൻപാറ, സേനാപതി, ഉടുമ്പഞ്ചോല പഞ്ചായത്തിലും 11-03 എന്ന ക്രമത്തിലാണ് അംഗ സംഖ്യ. ഉടുമ്പന്നൂരിൽ 14 യു.ഡി.എഫ്, 01 എൽ.ഡി.എഫ്, സ്വതന്ത്രർ- 02 എന്നിങ്ങനെയാണ് വിജയിച്ചത്.
വട്ടവട പഞ്ചായത്തിൽ പ്രതിപക്ഷം ബി.ജെ.പിയാണ്. ഇവിടെ 09 അംഗങ്ങളുമായി എൽ.ഡി.എഫാണ് വിജയിച്ചത്. യു.ഡി.എഫ് പ്രതിനിധിയായി ഒരാൾ മാത്രമാണ് വിജയിച്ചത്. വാത്തിക്കുടിയിൽ യു.ഡി.എഫ്- 16, എൽ.ഡി.എഫ്- 02, സ്വതന്ത്രൻ- 01, വെള്ളിയാമറ്റം: യു.ഡി.എഫ്- 11, എൽ.ഡി.എഫ്- 02, എൻ.ഡി.എ- 01, സ്വതന്ത്രർ- 02 എന്നിങ്ങനെയാണ് കക്ഷിനില. ഇവിടങ്ങളിലെല്ലാം പ്രതിപക്ഷം ഏറെ വിയർക്കേണ്ടി വരും.
ഇവിടെ ഇഞ്ചോടിഞ്ച്
ഏലപ്പാറ പഞ്ചായത്തിൽ ഭരണം 09 അംഗങ്ങളുമായി യു.ഡി.എഫിനാണ്. എന്നാൽ, പ്രതിപക്ഷമായ എൽ.ഡി.എഫിന് എട്ട് അംഗങ്ങളുണ്ട്. കൊക്കയാറിലും യു.ഡി.എഫിന് എട്ടംഗങ്ങളാണ്. പ്രതിപക്ഷത്ത് എൽ.ഡി.എഫിന് ആറും ഒരു സ്വതന്ത്രനുമുണ്ട്. എൽ.ഡി.എഫിന് ഭരണം കിട്ടിയ ബൈസൺവാലിയിലും ഇതേ സ്ഥിതിയാണ്.
എൽ.ഡി.എഫ്- 07, യു.ഡി.എഫ്- 05, എൻ.ഡി.എ- 01 എന്നിങ്ങനെയാണ് കക്ഷിനില. ഇടവെട്ടിയിലും പ്രതിപക്ഷം കട്ടയാണ്. ഇവിടെ യു.ഡി.എഫ്- 07, എൽ.ഡി.എഫ്- 04, എൻ.ഡി.എ- 02, സ്വതന്ത്രൻ- 01 എന്നിങ്ങനെയാണ് കക്ഷിനില. ഇരട്ടയാറിലും 08, 06, 01 എന്ന ക്രമത്തിൽ പ്രതിപക്ഷം സ്ട്രോങ്ങാണ്. വണ്ടന്മേടും ഇത് തന്നെയാണ് സ്ഥിതി. യു.ഡി.എഫിനാണ് ഭരണം. ഇവിടെ യു.ഡി.എഫ്- 09,എൽ.ഡി.എഫ്- 06, എൻ.ഡി.എ- 02, സ്വത.- 03 എന്നീ ക്രമത്തിലാണ് കക്ഷിനില. മറ്റെല്ലായിടത്തും വ്യക്തമായ ഭൂരിപക്ഷമാണ്.
പ്രതിപക്ഷ ശബ്ദം നേർത്ത് ജില്ലയും ബ്ലോക്കുകളും
17 അംഗങ്ങളുള്ള ജില്ല പഞ്ചായത്തിൽ പ്രതിപക്ഷത്തുള്ളത് മൂന്നുപേർ മാത്രമാണ്. മറ്റ് 14 പേരും യു.ഡി.എഫാണ്. ബ്ലോക്കുകളിലേക്ക് വന്നാലും സ്ഥിതി ഇതുതന്നെ. ആകെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ഇതിൽ ഒന്നുമാത്രമാണ് എൽ.ഡി.എഫിനുള്ളത്. അടിമാലി ബ്ലോക്കിൽ 12 പേർ യു.ഡി.എഫിനുള്ളപ്പോൾ എൽ.ഡി.എഫിനുളളത് രണ്ടുപേർ മാത്രമാണ്. അഴുതയിൽ ഇത് 11-03 ആണ്. ഇളംദേശമെത്തുമ്പോൾ ഇത് 13-01 ആയി ചുരുങ്ങും.
ഇടുക്കിയിലും ഇത് തന്നെയാണ് സ്ഥിതി. അംഗസംഖ്യ- 12-01. കട്ടപ്പനയിലിത് 12-02 ആണ്. തൊടുപുഴയിലെത്തുമ്പോൾ ഇത് 10-02 ആയി. ഇടതിന് കിട്ടിയ ദേവികുളത്ത് പ്രതിപക്ഷം സ്ട്രോങ്ങാണ്. ഇവിടെ 08-06 എന്ന നിലയിലാണ് കക്ഷിനില. യു.ഡി.എഫിന് കിട്ടിയതിൽ താരതമ്യേന പ്രതിപക്ഷമുള്ളത് നെടുങ്കണ്ടത്താണ്. ഇവിടെ 09-05 എന്ന നിലയിലാണ് ഇരു മുന്നണികളുടെയും ജനപ്രതിനിധികളുടെ എണ്ണം.


