പൊലീസ് സ്റ്റേഷനിൽ നിന്നും സൈക്കിൾ കാണാതായ സംഭവം; സി.സി.ടി.വി ദൃശ്യം നൽകാനാവില്ലെന്ന് പൊലീസ്
text_fieldsവിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നൽകിയ മറുപടി
തൊടുപുഴ: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്നും സൈക്കിൾ കാണാതായ സംഭവത്തിൽ സി.സി.ടി.വി ദൃശ്യം നൽകാനാവില്ലെന്ന് പൊലീസിന്റെ മറുപടി. സി.സി.ടി.വി ദൃശ്യങ്ങൾക്കായി തൊടുപുഴ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ബിലാൽ സമദ് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയിരുന്നു.
സുരക്ഷാ കാരണങ്ങളാലും പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാലും നൽകാനാവില്ല എന്നായിരുന്നു മറുപടി. എന്നാൽ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു. മെയ് അഞ്ചിന് തൊടുപുഴക്ക് സമീപം തൊണ്ടിക്കുഴ ഷിഹാബിന്റെ വീട്ടിൽ നിന്നും 40 കിലോ ഒട്ടുപാലും 17,000 രൂപയും സ്പോർട്സ് സൈക്കിളും മോഷണം പോയിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിൽ സൈക്കിളും ഒട്ടുപാലും കണ്ടെടുത്തു. തുടർന്ന് സൈക്കിൾ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ സൂക്ഷിക്കുവാൻ കോടതി ചുമതലപ്പെടുത്തി.
ഉടമ സൈക്കിൾ വിട്ടുകിട്ടുന്നതിനായി കോടതി മുഖേന അപേക്ഷ നൽകി അനുമതി വാങ്ങി. തുടർന്നു സൈക്കിൾ കൈപ്പറ്റാനായി തൊടുപുഴ സ്റ്റേഷനിൽ എത്തിയപ്പോൾ സൈക്കിൾ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കൊണ്ടു പോയത് പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി. സംഭവം വിവാദമായതോടെ രാത്രി 10.30ന് സൈക്കിൾ ആരുമറിയാതെ സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ ആരോപണ വിധേയനായ ജയ്മോൻ എന്ന പൊലീസുകാരനെ സസ്പെന്റ് ചെയ്തെങ്കിലും മോഷണക്കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സമരം നടത്തിയിരുന്നു.
ഈ സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കുന്നതിനാണ് ബിലാൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്. കേസ് ഒതുക്കുന്നതിനാണ് സി.സി.ടി.വി ദൃശ്യങ്ങൾ കൈമാറാത്തതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.