മഴക്കാറ് കണ്ടാൽ വൈദ്യുതി വിരുന്നുകാരൻ...
text_fieldsതൊടുപുഴ: വേനൽ മഴ ശക്തമായതോടെ വൈദ്യുതി മുടക്കം പതിവാകുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.മഴ പെയ്താലും ഇല്ലെങ്കിലും വൈദ്യുതി പോകുന്ന സ്ഥിതിയാണ്. പല മേഖലകളിലും രാത്രി പോകുന്ന വൈദ്യുതി പിറ്റേന്നാണ് തിരികെയെത്തുന്നത്. അർധരാത്രിയിലെ വൈദ്യുതി മുടക്കം പലപ്പോഴും മണിക്കൂറുകളോളം നീളും.
ടച്ച് വെട്ട് അടക്കമുള്ള അറ്റകുറ്റപ്പണിയെല്ലാം നേരത്തേ പൂർത്തിയായതാണ്. എന്നാലും ചെറിയ കാറ്റും മഴയും വന്നാൽ വൈദ്യുതി പോകുന്ന സ്ഥിതിയാണ്. വൈദ്യുതി മുടക്കം മാറ്റമില്ലാതെ തുടരുന്നതിൽ ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധമുയർന്നിട്ടുണ്ട്.
അപ്രഖ്യാപിത വൈദ്യുതി മുടക്കം സംബന്ധിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചാലും കൃത്യമായ മറുപടിയില്ല. ഹൈറേഞ്ച് മേഖലകളിൽ വൈദ്യുതി പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരുന്നത്. പലപ്പോഴും കെ.എസ്.ഇ.ബി ഓഫിസിൽ വിളിച്ചാൽ ഫോൺ എടുക്കാറില്ലെന്നും എടുത്താൽ കൃത്യമായ മറുപടി നൽകാറില്ലെന്നും പരാതിയുണ്ട്.