പൊതുകുളം മലിനമാക്കി വഴിയടച്ചു; 30 കുടുംബങ്ങൾക്ക് ആശ്രയം മഴവെള്ളം
text_fieldsകാറ്റാടിപ്പാറ പ്രദേശത്തെ ജനങ്ങൾ ആശ്രയിക്കുന്ന കുളം മലിനമായിക്കിടക്കുന്നു
തൊടുപുഴ: പൊതുകുളം മലിനമാക്കി ഇവിടേക്കുള്ള നടപ്പുവഴി അടച്ച് 30 കുടുംബങ്ങളുടെ കുടിവെള്ളവും സഞ്ചാരസ്വാതന്ത്ര്യവും നിഷേധിച്ചതായി നാട്ടുകാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കൊന്നത്തടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കാറ്റാടിപ്പാറ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ളമാണ് മുടങ്ങിയത്. പ്രദേശവാസികള്‍ 30 വര്‍ഷമായി കുടിവെള്ളത്തിന് ആശ്രയിക്കുന്ന കുളത്തിനോട് ചേര്‍ന്ന സ്ഥലം ആറുമാസം മുമ്പ് സ്വകാര്യ വ്യക്തി വാങ്ങിയിരുന്നു. പിന്നീട് കുളത്തിന്റെ പരിസരത്തെ സ്ഥലവും അതിര്‍ത്തിയിലൂടെയുള്ള നടപ്പുവഴിയുമടക്കം ഇളക്കി ഏലം കൃഷി ചെയ്തു.
മഴയിൽ മണ്ണും ചളിയും ഒലിച്ചെത്തി കുളം മലിനമായി. തുടര്‍ന്ന് പ്രദേശവാസികള്‍ മോട്ടോര്‍ വാടകക്കെടുത്ത് കുളം വൃത്തിയാക്കി. എന്നാല്‍, മൂന്നുദിവസം കഴിഞ്ഞ് പെയ്ത ശക്തമായ മഴയില്‍ മണ്ണും ചളിയും കുളത്തിലേക്ക് ഒഴുകിയിറങ്ങി. ഇതോടെ പ്രദേശവാസികള്‍ കുളം വൃത്തിയാക്കണമെന്ന് സ്ഥലമുടമയോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. തുടർന്ന് കലക്ടര്‍, ആർ.ഡി.ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
കുളം പഞ്ചായത്തിന്റേതാണെന്ന് തെളിയിക്കുന്ന രേഖകൾ കാണുന്നില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. എന്നാല്‍, പ്രദേശവാസികള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്യുന്നതിന്റെ വൈദ്യുതി ബില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ്. തുടർന്ന് വെള്ളത്തൂവല്‍ പൊലീസിലും പരാതി നല്കി. പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചപ്പോഴും കുളത്തിന്റെ രേഖകളൊന്നും കാണുന്നില്ലെന്നായിരുന്നു മറുപടി. മന്ത്രി റോഷി അഗസ്റ്റിനും പരാതി നൽകി. ഏക കുടിവെള്ള ആശ്രയമായ കുളം മലിനപ്പെട്ടതോടെ ഇപ്പോള്‍ ജനങ്ങള്‍ മഴവെള്ളത്തെയും പാറയിടുക്കിലെ ഉറവയെയുമാണ് ആശ്രയിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് കൊന്നത്തടി പഞ്ചായത്തില്‍ ധര്‍ണ നടത്തുമെന്ന് പ്രദേശവാസികളായ പി.എ. ഷാര്‍ലറ്റ്, ടിന്‍സി രാജേഷ്, റോസിലി ഔസേഫ് എന്നിവര്‍ പറഞ്ഞു.