മഴക്കെടുതി തുടരുന്നു; ഇടുക്കിയിൽ തകർന്നത് 117 റോഡുകള്‍
text_fieldsപ്രതീകാത്മക ചിത്രം
തൊടുപുഴ: ജില്ലയിൽ മഴ തുടരുന്നത് ആശങ്കക്കിടയാക്കുന്നു. മഴക്കെടുതിയിൽ രണ്ടു ജീവനുകളാണ് ഇതുവരെ പൊലിഞ്ഞത്. നിരവധി പേരുടെ വീടുകളും ഭൂമിയും നഷ്ടമായി. വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ഭൂമി കണ്ടെത്താൻ മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.എം. അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനമെടുത്തു. കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ മന്ത്രി നിര്‍ദേശം നല്കി.
ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. റവന്യൂ ഭൂമിയുടെ ലഭ്യത സംബന്ധിച്ച് പരിശോധന നടത്താന്‍ സഹസില്ദാര്മാര്ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കും. വിവിധ ക്യാമ്പുകളിലായി കഴിയുന്ന 23 കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് അറിയിച്ചു. ക്യാമ്പില്‍ നിന്ന് തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്കായി വാടക വീട് ലഭ്യമാക്കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തി.
റോഡുകള്‍ക്ക് ഒമ്പത് കോടിയുടെ നാശം
മഴയില്‍ തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിർമിക്കാനും യോഗത്തില്‍ തീരുമാനമായി. ആകെ 117 റോഡുകള്‍ തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 46 റോഡുകളും തദ്ദേശ വകുപ്പിന്റെ 71 റോഡുകളുമാണ് തകര്‍ന്നത്. പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ക്ക് ഒമ്പത് കോടിയുടെ നാശനഷ്ടവും തദ്ദേശ വകുപ്പിന്റേത് 74 ലക്ഷം രൂപയുടെ നാശവുമാണ് നിലവില്‍ കണക്കാക്കിയിരിക്കുന്നത്. കനത്ത മഴയില്‍ ജില്ലയില്‍ 33 ഹെക്ടര്‍ കൃഷിനാശമാണുണ്ടായത്. ഏകദേശം 1.36 കോടിയുടെ നാശനഷ്ടമാണ് കാര്‍ഷിക വിളകള്ക്കുണ്ടായത്. കൃഷിനാശം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.


