പട്ടികവര്‍ഗ ക്ഷേമം; വികസന പ്രവര്‍ത്തനം പൂര്‍ത്തിയാക്കി 11 ഉന്നതികള്‍
text_fieldsഅടിമാലി അഞ്ചാം മൈലിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം നിർമ്മിച്ച കമ്മ്യൂണിറ്റി ഹാൾ
തൊടുപുഴ: പട്ടിക വര്‍ഗ വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി ഫണ്ട് വഴി ജില്ലയില്‍ പൂര്‍ത്തിയായത് 11 ഉന്നതികള്‍. 2016 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തിലാണ് 10.51 കോടി (10,51,01,558) രൂപ ചെലവഴിച്ച് ഈ ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ദേവികുളം നിയോജക മണ്ഡലത്തില്‍ ആറ്, ഉടുമ്പന്‍ചോല രണ്ട്, പീരുമേട്, ഇടുക്കി, തൊടുപുഴ നിയോജകമണ്ഡലങ്ങളില്‍ ഒന്ന് വീതവും ഉന്നതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ജില്ലയില്‍ 25 ഉന്നതികളുടെ നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതിയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പീരുമേട്, തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം നിയോജക മണ്ഡലങ്ങളിലായാണ് 11 ഉന്നതികളുടെ വികസ പ്രവൃത്തികൾ പൂർത്തിയായത്. ജില്ലയില്‍ 25 ഉന്നതികളിലെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ദേവികുളം നിയോജക മണ്ഡലത്തില്‍ മറയൂര്‍,അടിമാലി,മാങ്കുളം,കാന്തല്ലൂര്‍, ദേവികുളം ഗ്രാമപഞ്ചായത്തുകളിലായി 13 ഉന്നതികളും, ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നാല്, ഇടുക്കി, പീരുമേട് മണ്ഡലങ്ങളില്‍ മൂന്ന് വീതവും തൊടുപുഴയില്‍ രണ്ടും ഉന്നതികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഓരോ ഉന്നതികള്‍ക്കും ഒരു കോടി രൂപ വീതം 25 ഉന്നതികളിലായി 25 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടപ്പാക്കുന്നത്.
അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതി
പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ഉന്നതികളുടെ അടിസ്ഥാന സൗകര്യങ്ങള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ തുടങ്ങി അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ ഫണ്ട് നല്‍കുന്നത്.
ജനവാസ കേന്ദ്രത്തിനുള്ളിലെ റോഡ്, നടപ്പാത, ഡ്രെയിനേജ് സൗകര്യങ്ങള്‍, ശുചിത്വം, കുടിവെള്ള വിതരണം-എല്ലാ വീട്ടിലും ഗാര്‍ഹിക കണക്ഷന് നല്കി കുടിവെള്ള വിതരണം സോളാര്‍ ലൈറ്റുകള്‍/മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍, വിവിധ വിദ്യാഭ്യാസ പദ്ധതികള്‍, ജനവാസ കേന്ദ്രത്തിനുള്ളിലെ ഖര, ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, വീടുകളുടെ നവീകരണം, ടോയ്ലറ്റ് നിര്‍മ്മാണം, കമ്മ്യൂണിറ്റി സെന്ററുകളുടെയും കമ്മ്യൂണിറ്റി പഠന കേന്ദ്രങ്ങളുടെയും നിര്‍മ്മാണം/പരിപാലനം, സെറ്റില്‍മെന്റിനുള്ളിലെ പൊതു ആസ്തികളുടെ പരിപാലനം, പൊതു സൗകര്യങ്ങളുടെ മെച്ചപ്പെടുത്തല്‍ (കളിസ്ഥലം, കാവ്, കുളം, ശ്മശാന സ്ഥലങ്ങള്‍ ഉള്‍പ്പെടെ) മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സംരക്ഷണ ഭിത്തി നിര്‍മ്മാണം. കിണര്‍ നിര്‍മ്മാണം/ നവീകരണം, ദുഷ്കരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഗോത്രങ്ങളുടെ പുനരധിവാസം,കുടില്‍ വ്യവസായങ്ങള്‍, സാംസ്കാരിക കേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും നിര്‍മ്മാണവും സജ്ജീകരണവും തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി ഉന്നതികളുടെ വികസനം ലക്ഷ്യം വച്ചാണ് അംബേദ്കര്‍ സെറ്റില്‍മെന്റ് പദ്ധതി നടപ്പാക്കുന്നത്.
ഉന്നതികളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതിയില്‍ പരമാവധി ഒരു കോടി രൂപയാണ് അനുവദിക്കുന്നത്.