ചൂടിൽ വെന്തുരുകി നാട്; വൈദ്യുതി മുടക്കത്തിൽ വലഞ്ഞ് ജനം
text_fieldsതൊടുപുഴ: കാലവർഷത്തിന് പിന്നാലെ ചൂട് പരിധിവിട്ടതോടെ വെന്തുരുകുകയാണ് നാടും നഗരവും. എന്നാൽ, ചൂടിൽനിന്ന് രക്ഷപ്പെടാനായി വീടോ ഓഫിസുകളോ തിരഞ്ഞെടുത്താൽ അവിടെയും രക്ഷയില്ലാത്ത സ്ഥിതിയാണ്. കത്തുന്ന ചൂടിനൊപ്പം അടിക്കടിയുള്ള വൈദ്യുതി മുടക്കമാണ് ഇവിടെ വില്ലനാകുന്നത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ രാപ്പകൽ ഭേദമെന്യേ ഡസനോളം പ്രാവശ്യമാണ് ഇപ്പോൾ അപ്രഖ്യാപിത വൈദ്യുതി മുടക്കം. ഇതിന് പുറമേ പവർകട്ടെന്ന പേരിൽ വൈദ്യുതി മുടക്കം വേറെയുമുണ്ട്. ഹൈറേഞ്ചിലും ലോറേഞ്ചിലും ഇത് സംബന്ധിച്ച പരാതികൾ വ്യാപകമാണ്.
കരണ്ട് ഓഫാക്കല്ലേ സാറേ... കൊടുംചൂടാണ്
കൊടുംചൂടിനൊപ്പം വൈദ്യുതി മുടക്കവും പതിവായതോടെ കെ.എസ്.ഇ.ബി ഓഫിസുകളിലേക്ക് ഫോൺ കാളുകളുടെ പ്രവാഹമാണ്. രാത്രികാലങ്ങളിലാണ് കാളുകൾ കൂടുതൽ. കാളുകളിലെ പ്രതികരണം ഭയന്ന് പല ഓഫിസുകളിലും റിസീവർ എടുത്ത് മാറ്റിവെച്ചിരിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ടുതന്നെ എത്രനേരം വിളിച്ചാലും മറുഭാഗത്തുനിന്ന് ബിസി ട്യൂൺ മാത്രമാണ് കേൾക്കുന്നത്.
മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവായതോടെയാണ് കാളുകളുടെ എണ്ണവും കൂടിയത്. പരാതി വ്യാപകമായതോടെ വ്യാഴാഴ്ച മുതൽ വൈദ്യുതി മുടങ്ങുന്ന സമയം മുൻകൂട്ടി അറിയിക്കുമെന്ന് വൈദ്യുതി മന്ത്രി അടക്കമുള്ളവർ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പലർക്കും ഫോണുകൾ വഴി മെസേജുകൾ വന്ന് തുടങ്ങി. രണ്ട് ദിവസത്തിനകം അറിയിപ്പുകൾ പൂർണ തോതിൽ ലഭിച്ചുതുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.
പവർകട്ട്: സമൂഹ മാധ്യമങ്ങളിൽ ട്രോൾ പൂരം
ഒരു പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് പവർകട്ട് ഔദ്യോഗികമായി നിലവിൽ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ ട്രോൾ പൂരമാണ്. പ്രത്യേകിച്ചും ഇടത് അനൂകൂലികളാണ് ആഘോഷമാക്കുന്നത്. ഇതോടൊപ്പം പ്രത്യക രാഷ്ട്രീയ താൽപര്യങ്ങളില്ലാത്തവരും ട്രോളുകൾ ഷെയർ ചെയ്യുന്നുണ്ട്. വകുപ്പ് മന്ത്രിതന്നെയാണ് ട്രോളൻമാരുടെ പ്രധാന ഇര. ഒപ്പം മുഖ്യമന്ത്രിയും ഇടം പിടിക്കുന്നുണ്ട്. ഏതായാലും പവർകട്ടിനെ പ്രതിരോധിക്കാൻ ഭരണാനൂകൂലികൾ കാര്യമായി രംഗത്തില്ലെന്നതാണ് ശ്രദ്ധേയം.
അതേസമയം, ട്രോളുകൾക്കപ്പുറത്ത് വൈദ്യുതി പ്രതിസന്ധി വരുംദിവസങ്ങളിലും രൂക്ഷമാകുമെന്നാണ് വിവരം. കാലവർഷം കണക്കുകൂട്ടൽ തെറ്റിച്ചതോടെ ഇടുക്കിയിലേതടക്കം ഡാമുകളിൽ ജലനിരപ്പ് കുറയുകയാണ്. അതേസമയം, പകൽസമയത്തെ ചൂടും വൈദ്യുതി പ്രതിസന്ധിയും സ്കൂളുകളിലേയും അംഗൻവാടികളിലേയും വിദ്യാർഥികൾക്കും ദുരിതമാണ് സമ്മാനിക്കുന്നത്. അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പിലാണ് ഇപ്പോൾ ഏവരുടേയും പ്രതീക്ഷ. കൊടുംചൂടിനാശ്വാസമായി മഴയെത്തുമോ എന്ന കാത്തിരിപ്പിലാണ് ജനം.


