വലത് തരംഗം ആഞ്ഞടിച്ച് മലയോരം
text_fieldsതൊടുപുഴ നഗരസഭയിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ നഗരത്തിൽ പ്രകടനം നടത്തുന്നു
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ വലത് തരംഗം ആഞ്ഞടിച്ച് മലയോരം. ഹൈറേഞ്ചിലും ലോറേഞ്ചിലും ഒരേ പോലെ വിജയം കൊയ്ത് യു.ഡി.എഫ് നഷ്ട പ്രതാപം വീണ്ടെടുത്തു. എക്കാലവും ഇടത് പക്ഷത്തോട് ചേർന്ന് നിന്ന തോട്ടം മേഖലയിലടക്കം കോൺഗ്രസും ഘടക കക്ഷികളും നേട്ടം കൊയ്തു. പരമ്പരാഗത ഇടത് കോട്ടകളിലടക്കം വിളളൽ വീഴ്ത്തിയാണ് യു.ഡി.എഫ് തേരോട്ടം.
എന്നാൽ വിജയ നേട്ടത്തിനിടയിലും കോൺഗ്രസിന്‍റെ മുതിർന്ന നേതാവ് ഇ.എം.ആഗസ്തി, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.എസ്. സിയാദ് എന്നിവരുടെ പരാജയം തിരിച്ചടിയായി. ജില്ലയിൽ ആധിപത്യം നേടുമെന്ന് പ്രഖ്യാപിക്കുമ്പോൾ യു.ഡി.എഫ് നേതാക്കൾ പോലും ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. കാരണം പല മേഖലകളിലും സംഘടന സംവിധാനങ്ങൾ അത്രമേൽ ദുർബലമായിരുന്നു. ഇതെല്ലാം മറികടന്നാണ് യു.ഡി.എഫ് സ്വപ്ന വിജയം നേടിയത്.


