രണ്ട് രാത്രി, രണ്ട് പകൽ, ഇത് ദൈർഘ്യം കൂടിയ തെരഞ്ഞെടുപ്പ് ഡ്യൂട്ടി
text_fieldsതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇടമലക്കുടിയിൽനിന്ന് വാഹനങ്ങളിൽ മൂന്നാറിലേക്ക് വരുന്നു
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂർത്തിയാക്കി എല്ലാ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച രാത്രിയോടെ വീടുകളിലേക്ക് മടങ്ങിയപ്പോഴും രണ്ട് രാത്രിയും രണ്ട് പകലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത ഉദ്യോഗസ്ഥരുണ്ട് ഇടുക്കിയിൽ. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയവർക്കാണ് ഇത്രയധികം സമയം ചെലവഴിക്കേണ്ടി വന്നത്. വന മേഖലയും ദുർഘട വഴികളും വഴിയിൽ വന്യജീവികളുടെ സാന്നിധ്യമടക്കവുമുള്ള സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇങ്ങനൊരു സമയക്രമം ഏർപ്പെടുത്തിയത്.
ഇടമലക്കുടിയിലെ 14 കുടികളിലായി 56 പോളിങ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ എട്ടിന് മൂന്നാറിൽനിന്ന് പുറപ്പെട്ട സംഘം വൈകീട്ട് ഏഴോടെയാണ് ഇടമലക്കുടിയിലെ അവസാന കുടിയിലെത്തിയത്.
ഗതാഗത യോഗ്യമല്ലാത്തതും മൺപാതകളും പാറകളും നിറഞ്ഞ വഴികളിലൂടെ കിലോമീറ്ററുകൾ നടന്നും വാഹനത്തിലുമായായിരുന്നു യാത്ര. പോകുന്ന വഴിയിലും തിരികെ വരുമ്പോഴും രണ്ട് വാഹനങ്ങൾ തകരാറിലായെങ്കിലും കരുതലെന്ന നിലയിൽ ഒരു വാഹനം കൂടി ഉപ്പമുണ്ടായിരുന്നതിനാൽ യാത്ര തടസ്സപ്പെട്ടില്ല.
ഇടമലക്കുടിയിലെ നൂറടിക്കുടിയിലേക്ക് മൂന്നാറിൽനിന്ന് 180 കിലോമീറ്റർ വരെ സഞ്ചരിച്ചാണ് ഒരുസംഘം എത്തിയത്. വഴിയിൽ കാട്ടാന സാന്നിധ്യമടക്കം ഉള്ളതിനാൽ ഒരോ സംഘത്തിനൊപ്പവും വനം വകുപ്പിന്റെ ആർ.ആർ.ടി ടീമും രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മറയൂർ, ചിന്നാർ, തമിഴ്നാട്ടിലെ വാൽപാറ വഴി 175 കിലോമീറ്റർ വാഹനത്തിലും അഞ്ച് കിലോമീറ്ററിലധികം കാൽനടയായും സഞ്ചരിച്ചാണ് ഉദ്യോഗസ്ഥർ നൂറടിക്കുടിയിലെ വനം വകുപ്പിന്റെ ഇ.ഡി.സി കെട്ടിടത്തിൽ തയാറാക്കിയ പോളിങ് ബൂത്തിലെത്തിയത്. നൂറടിക്ക് പിന്നാലെ ഇടമലക്കുടി പഞ്ചായത്തിലെ മറ്റ് 13 ബൂത്തുകളിലും സുഗമമായാണ് വോട്ടെടുപ്പ് നടപടികൾ പൂർത്തിയായത്. രണ്ടുദിവസം ഇവിടെ താമസിക്കേണ്ടതിനാൽ അരിയടക്കം പോളിങ് ബൂത്തുകളിൽ സജ്ജീകരിച്ചിരുന്നു. പയർ, എണ്ണ, ബ്രഡ്, പഴം, ബിസ്കറ്റ്, അച്ചാർ, പപ്പടം തുടങ്ങിയ ഭക്ഷണസാധനങ്ങൾ മൂന്നാറിൽനിന്ന് ഇവർ കൊണ്ടുപോകുകയും ചെയ്തു.
ബുധനാഴ്ച ഉച്ച മുതൽ ഓരോ സംഘങ്ങളായി പോളിങ് സാമഗ്രികളുമായി മൂന്നാറിലെത്തി. നൂറടിക്കുടിയിൽനിന്നുള്ള സംഘം ബുധനാഴ്ച വൈകീട്ട് ആറോടെയാണ് തിരിക്കെ എത്തിയത്. ഇടമലക്കുടിയിൽ 68.68 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആകെ 14 വാർഡുകളിലായി 1804 വോട്ടർമാരാണുള്ളത്. ഇതിൽ 1239 പേർ വോട്ട് രേഖപ്പെടുത്തി.


