ചവിട്ടിയരച്ച് കാർഷിക വിളകൾ; കൃഷി ഉപേക്ഷിച്ച് കർഷകർ
text_fieldsചൊക്കനാട് എസ്റ്റേറ്റിൽ റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ,ഇൻസെറ്റിൽ ബി.എൽ റാമിൽ കാട്ടാന നശിപ്പിച്ച ഏലത്തോട്ടം (ഫയൽ ചിത്രങ്ങൾ)
തൊടുപുഴ: വന്യമൃഗ ശല്യം മൂലം ഇടുക്കി ജില്ലയില്‍ ഉണ്ടായത് കാർഷിക മേഖലയിലടക്കം കനത്ത നാശമാണ്. 2019 മുതല്‍ 2024 വരെ അരക്കോടിക്ക് മുകളിൽ കൃഷിനാശമാണ് ജില്ലയില്‍ ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. നശിച്ചവയില്‍ കൂടുതലും വാഴ, കരിമ്പ്, കുരുമുളക്, റബര്‍, തെങ്ങ്, ഏലം എന്നിങ്ങനെയുള്ള കൃഷികളാണ്. കാന്തല്ലൂര്‍, മാങ്കുളം, മന്നാങ്കണ്ടം, മറയൂര്‍, ചക്കുപള്ളം, ഉപ്പുതറ, വണ്ടന്മേട്, അണക്കര, കാഞ്ചിയാര്‍ എന്നീ മേഖലകളിലാണ് കൂടുതലും കൃഷി നാശം റിപ്പോര്‍ട്ട് ചെയ്തത്.
ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും കൃഷി ചെയ്യുന്ന ഹൈറേഞ്ചിലെ കര്‍ഷകരുടെ ജീവിതം വന്യ മൃഗങ്ങളുടെ ആക്രമണം മൂലം താളം തെറ്റിക്കഴിഞ്ഞു. വന്യ മൃഗങ്ങളുടെ ശല്യമില്ലായിരുന്നെങ്കില്‍ കൃഷി ആദായകരമാകുമായിരുന്നുവെന്നാണ് കര്‍ഷകരുടെ പക്ഷം. കാട്ടാനയില്‍ നിന്ന് രക്ഷ നേടാന്‍ പലരും കൃഷിയിടങ്ങൾ ഉപേക്ഷിച്ച് പലായനം ചെയ്ത ഇടങ്ങളും ജില്ലയിലുണ്ട്. നഷ്ട പരിഹാരം; അപേക്ഷ സമർപ്പിച്ചവർ 1551 പേർ
2021 മുതൽ 2024 വരെ ജില്ലയിൽ വന്യ ജീവി ആക്രമണത്തിൽ നാശ നഷ്ടം സംഭവിച്ചവരിൽ നഷ്ട പരിഹാരത്തിന് അപേക്ഷ സമർപ്പിച്ചവർ 1551 പേർ. ഇക്കാലയളവിൽ ജില്ലയിൽ നഷ്ട പരിഹാര ഇനത്തിൽ വിതരണം ചെയ്തത് 5.12 കോടി രൂപ. വന്യ മൃഗ ശല്യത്തെ തുടർന്ന് നാശ നഷ്ടം സംഭവിച്ചിട്ടും നഷ്ട പരിഹാരത്തിന് അപേക്ഷ നൽകാത്ത ഒട്ടേറെപ്പേർ ജില്ലയിലുണ്ട്. അർഹമായ നഷ്ട പരിഹാരം ലഭിക്കുന്നില്ലെന്നാണ് പരാതി.
വന്യമൃഗ ആക്രമണത്തെ തുടർന്ന് പരിക്ക് പറ്റിയാൽ ഒരു ലക്ഷം രൂപയാണ് നഷ്ട പരിഹാരമായി നൽകുക. എന്നാൽ ജില്ലയിൽ കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിലും കാട്ട് പോത്ത് ആക്രമണത്തിലും പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സക്ക് മാത്രം ഒരു ലക്ഷം രൂപക്ക് മുകളിൽ ചിലവഴിച്ചിട്ടുണ്ട്. ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ സഹായത്തോടെയാണ് ഇവരിൽ പലരും ആശുപത്രിയിൽ നിന്ന് ചികിത്സ കഴിഞ്ഞ് ഇറങ്ങിയത്. വന്യമൃഗ ആക്രമണത്തെ തുടർന്നുണ്ടാകുന്ന കൃഷി നാശത്തിനും ലഭിക്കുന്നത് ചെറിയൊരു തുക മാത്രമാണ്. കൃഷി നാശത്തിന്റെ നഷ്ട പരിഹാരത്തിനായി അപേക്ഷ സമർപ്പിക്കുന്ന ബുദ്ധിമുട്ടുകൾ ഓർത്ത് പലരും അപേക്ഷ നൽകാൻ ഇറങ്ങാത്ത സ്ഥിതിയുമുണ്ട്. ഇടുക്കിയിൽ കഴിഞ്ഞ നാല് സാമ്പത്തിക വർഷത്തെ കണക്ക് പരിശോധിച്ചാൽ കൃഷി നാശത്തിന് ലഭിച്ചിരിക്കുന്ന നഷ്ട പരിഹാരവും വളരെ തുച്ഛമാണ്.
നഷ്ടപരിഹാരം മാത്രം നൽകി സർക്കാർ ഒഴിയരുത്- ഡീൻ കുര്യാക്കോസ് എം.പി
മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതോടെ ഉത്തരവാദിത്തം തീർന്നെന്ന് സർക്കാർ കരുതരുതെന്ന് ഡീൻ കുര്യാക്കോസ് എം.പി. വന്യ ജീവി പ്രശ്നത്തിൽ ഒട്ടേറെ കാര്യങ്ങൾ സർക്കാരിന് ചെയ്യാനുണ്ട്. ഇത്രയും വിശാലമായ വന മേഖലയുള്ള ഇടുക്കി ജില്ലയിൽ ചിന്നക്കനാൽ, കാന്തല്ലൂർ എന്നീ രണ്ട് ഹോട്ട് സ്പോട്ടുകൾ മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയൊന്നും ശാസ്ത്രീയമല്ല. അതുകൊണ്ട് തന്നെ പാളിച്ചകൾ തിരുത്തി ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കണം.
കടമ്പകൾ ഏറെ കടക്കണം
വന്യ ജീവി ആക്രമണത്തിൽ പ്രഖ്യാപിക്കപ്പെടുന്ന നഷ്ട പരിഹാരം പൂർണമായി കിട്ടുന്നതിനും കടമ്പകൾ ഏറെയാണ്. വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തരമായി 50,000 രൂപയാണ് നൽകുക. വില്ലേജ് ഓഫിസിൽ നിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ നാലര ലക്ഷം രൂപയും താലൂക്ക് ഓഫിസിൽ നിന്നുള്ള അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ ബാക്കി അഞ്ചു ലക്ഷം രൂപയും അനുവദിക്കാറുണ്ട്. എന്നാൽ ഗസറ്റിൽ പരസ്യം ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാൻ ഏറെ സമയമെടുക്കും. മുമ്പ് വില്ലേജ് ഓഫിസിൽ നിന്ന് നൽകുന്ന കുടുംബാംഗത്വ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകുമായിരുന്നു.