ഇടുക്കിയിൽ ഒരാഴ്ചക്കിടെ കാട്ടാന ചവിട്ടിയരച്ചത് രണ്ട് ജീവൻ
text_fieldsതൊടുപുഴ: ഇടുക്കിയിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് രണ്ടാമത്തെയാൾ. പെരുവന്താനം കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെ ഭാര്യ സോഫിയയാണ് (44) തിങ്കളാഴ്ച വൈകീട്ടോടെ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച ഒടുവിലത്തെയാൾ.
സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയ സോഫിയയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതോടെ ഇടുക്കിയിൽ 14 മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ വ്യാഴാഴ്ച ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഫയർലൈൻ വെട്ടിത്തെളിക്കാൻ എത്തിയ മറയൂർ ചമ്പക്കാട്കുടി സ്വദേശി വിമലന്റെ ജീവനും കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് മുള്ളരിങ്ങാട് പശുവിനെ അഴിക്കാൻ പോയ യുവാവിനെ കാട്ടാന അതിദാരുണമായി ചവിട്ടിക്കൊലപ്പെടുത്തിയത്. ജില്ലയില്‍ കാട്ടാനശല്യം രൂക്ഷമായതോടെ തോട്ടം മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. പലയിടത്തും കാട്ടാനകള്‍ കൂട്ടത്തോടെയാണ് ജനവാസ മേഖലകളിലിറങ്ങുന്നത്. വന്യമൃഗങ്ങളെ തിരിക കാട്ടിലേക്ക് തുരത്താനുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമിന് എല്ലായിടത്തും ഓടിയെത്തേണ്ട അവസ്ഥയാണ്. ആർ.ആർ.ടി സംഘമെത്താത്ത മേഖലകളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് വന്യമൃഗങ്ങളെ തുരത്തുന്നത്.
2024 ജനുവരി എട്ടിന് പന്നിയാർ സ്വദേശിനിയായ തോട്ടം തൊഴിലാളി പരിമളം (48), ജനുവരി 22ന് മൂന്നാർ ഗുണ്ടുമലയിലെ ബന്ധുവീട്ടിലെത്തിയ കോയമ്പത്തൂർ സ്വദേശി പോൾരാജ് (79), ജനുവരി 26ന് ചിന്നക്കനാൽ സ്വദേശിയായ സൗന്ദർരാജൻ (67), ഫെബ്രുവരി 26ന് കന്നിമല ടോപ് ഡിവിഷനിലെ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാർ (മണി-45), മാർച്ച് നാലിന് അടിമാലി കാഞ്ഞിരവേലിയിൽ വീട്ടമ്മയായ ഇന്ദിര രാമകൃഷ്ണൻ (70), ജൂലൈ 21ന് ആദിവാസി യുവാവ് ചിന്നക്കനാൽ ടാങ്ക്കുടിയിൽ കണ്ണൻ (47), ഡിസംബർ 29ന് മുള്ളരിങ്ങാട് സ്വദേശി അമർ ഇബ്രാഹിം (23) എന്നിവരാണ് കഴിഞ്ഞ വർഷം ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ചിന്നക്കനാൽ മേഖലയിലെ സ്ഥിരം അക്രമകാരിയായിരുന്ന അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് മയക്കുവെടിവെച്ച് പിടികൂടി കാടുകടത്തിയിരുന്നെങ്കിലും ഇവിടെയും കാട്ടാന ശല്യത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.