മരണച്ചൂരടിക്കുന്ന മലമടക്കുകൾ
text_fieldsസോഫിയ ഇവിടെ വെച്ചാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്
മുമ്പെങ്ങും ഇല്ലാത്ത വിധം കാട്ടാനശല്യത്തിൽ വീർപ്പുമുട്ടുകയാണ് ജില്ലയിലെ തോട്ടം-മലയോര മേഖല. കാട്ടാനകൾ നാട്ടിലിറങ്ങി ജനജീവിതം ദുസ്സഹമാക്കുന്നു. നിരവധി ജീവനുകളാണ് ഇതിനകം കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. വീടും കൃഷിയുമടക്കം വർഷങ്ങളുടെ അധ്വാനം കൊണ്ടുണ്ടാക്കിയതെല്ലാം കാടിറങ്ങി വരുന്ന കാട്ടാനകൾ തച്ചുടക്കുന്നത് നിസ്സഹായരായി നോക്കിനിൽക്കേണ്ട ഗതികേടിലാണ് കർഷകർ. മേഖലയിലെ ജനങ്ങൾ നേരിടുന്ന ദുരവസ്ഥയിലേക്ക് ഒരു അന്വേഷണം.
തൊടുപുഴ: ഇരുട്ട് വീഴുന്നതിന് മുമ്പേ വീടെത്താൻ തിരക്കിട്ട് നീങ്ങുന്നവർ. സൂക്ഷിച്ച് നോക്കിയാൽ അവരുടെ മുഖങ്ങളിൽ ഭീതി കാണാം. ഓരോ അടി വെക്കുമ്പോഴും മുന്നിൽ ആന നിൽപ്പുണ്ടോ എന്ന ആധിയാണ് കാരണം. ഇടുക്കിയിലെ തോട്ടം മേഖലകളിലും വനാതിർത്തികളിലുമുള്ള ജനങ്ങൾ ആനകളെ പേടിച്ചാണ് ഇപ്പോൾ ഓരോ ദിവസവും തള്ളിനീക്കുന്നത്. അത്രകണ്ട് കാട്ടാനകൾ ഇവരുടെ സ്വൈരജീവിതത്തെ നശിപ്പിച്ചു കഴിഞ്ഞു. ഹൈറേഞ്ച്-ലോറേഞ്ച് ഭേദമന്യേ ആനയുടെ സാമീപ്യമുള്ള സ്ഥലങ്ങൾ രാത്രിയോട് അടുക്കുംതോറും വിജനമാകുകയാണ്. കടകൾ നേരത്തേ അടക്കും. വാഹനങ്ങളുടെ എണ്ണം കുറയും. ഈ സമയം നോക്കിയാണ് ആനകളും ഇറങ്ങുന്നത്. മനുഷ്യനും- കാട്ടാനകളും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാണ് ഇപ്പോൾ നാളുകളായി മലയോരം സാക്ഷ്യം വഹിക്കുന്നത്.
കാടറിഞ്ഞ വിമലനറിഞ്ഞില്ല ആനയുടെ ചൂര്
കാട് മനപ്പാഠമാക്കിയവനായിരുന്നു വിമലൻ. എന്നാൽ, പതുങ്ങിയെത്തിയ കാട്ടാനയുടെ നീക്കത്തെ പ്രതിരോധിക്കാൻ വിമലന് കഴിഞ്ഞില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് മറയൂരിൽ വനം വകുപ്പിന്റെ ജോലിയിലേർപ്പെട്ടിരുന്ന വിമലൻ കാട്ടാനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
ചിന്നാർ വന്യജീവി സങ്കേതത്തിലെ എക്കോ ഡെവലപ്മെന്റ് കമ്മിറ്റി പ്രവർത്തനങ്ങൾക്കായി വനത്തിൽ എല്ലാ ജോലികളിലും വിമലനുണ്ടായിരുന്നു. വനം വകുപ്പ് അധികൃതർ ഉൾപ്പെടെ എല്ലാവർക്കും പ്രിയപ്പെട്ടവൻ. കാടിനെ നന്നായി അറിയാവുന്നതിനാൽ വനത്തിലെ ഫയർലൈൻ തെളിക്കുന്നതിനാണ് വിമലൻ എത്തിയത്. ഇവർ ഒമ്പതംഗ സംഘമായിരുന്നു. പെട്ടെന്ന് മുന്നിലെത്തിയ വിരികൊമ്പൻ എന്ന ആന വിമലിനെ ഒരുനിമിഷം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തി. ഒന്ന് ഓടി രക്ഷപ്പെടാൻ പോലും ആകാതെ നിന്ന വിമലനെ ആന തുമ്പിക്കൈ കൊണ്ട് എറിയുകയും പിന്നെ ചവിട്ടുകയുമായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു. വിമലന്റെ വേർപാട് മാറുന്നതിന് മുമ്പാണ് കഴിഞ്ഞ ദിവസം പെരുവന്താനത്ത് സോഫിയയും കൊല്ലപ്പെടുന്നത്.
കാട്ടാന ഭീതിയുടെ നിഴലിൽ മലയോരം
തിങ്കളാഴ്ച വൈകീട്ട് അരുവിയിൽ കുളിക്കാൻ പോകുന്നതിനിടെയാണ് പെരുവന്താനം ടി.ആർ ആൻഡ് ടി തോട്ടത്തിൽ സോഫിയയെ കാട്ടാന ചവിട്ടി കൊല്ലുന്നത്. ഏറെ നേരമായിട്ടും മാതാവിനെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ച് പോയ മകനാണ് മൃതദേഹം കണ്ടത്. ആനകളുടെ ശല്യം ഇവിടെ പതിവായിരുന്നെങ്കിലും പകൽ കുറവായിരുന്നു.
മാസങ്ങൾക്കു മുമ്പ് 24 ആനകൾ കൂട്ടത്തോടെ ജനവാസ മേഖലയിൽ എത്തുകയും വനം വകുപ്പ് ദിവസങ്ങളായി നടത്തിയ ശ്രമത്തിനൊടുവിൽ കാട്ടിലേക്ക് തിരികെവിടുകയും ചെയ്തതാണ്. കൊമ്പുകുത്തി ഉൾപ്പെടെ വനം അതിർത്തി ഗ്രാമങ്ങളിൽ ആനകളുടെ ആക്രമണങ്ങൾ ഇപ്പോഴും ഉണ്ട്. ഒരാഴ്ചക്കിടെ മറയൂരിലും പെരുവന്താനത്തുമായി രണ്ടുപേർ മരിച്ചതോടെ ഇടുക്കി കാട്ടാനഭീതിയുടെ നിഴലിലാണ്. ആദ്യം ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടിരുന്നെങ്കിലും ഇപ്പോൾ കാട്ടാനകളുടെ ആക്രമണം മൂലം ജീവനും സ്വത്തുക്കളും കൃഷിയുമടക്കം ഇല്ലാതാകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു.
മറയൂർ, മൂന്നാർ, പീരുമേട്, തട്ടാത്തിക്കാനം, കാളിയാര്‍ റേഞ്ചിന് കീഴില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വേളൂര്‍, ചാത്തമറ്റം, തൊമ്മന്‍കുത്ത്, കോതമംഗലം ഫോറസ്റ്റ് ഡിവിഷനു കീഴില്‍ മുള്ളരിങ്ങാട്, കാഞ്ചിയാര്‍ പഞ്ചായത്തിലെ കോഴിമല, ഉപ്പുതറ പഞ്ചായത്തിലെ കിഴുകാനം തുടങ്ങിയ മേഖലകളിലും കാട്ടാനശല്യം പതിവാണ്. കാട്ടാനകള്‍ ജനവാസമേഖലകളിലേക്ക് കടക്കുമ്പോള്‍ ഇവയെ പടക്കം പൊട്ടിച്ചും മറ്റും തുരത്തുകയാണ് ചെയ്യുക. തൽക്കാലത്തേക്ക് കാട്ടാനകള്‍ മടങ്ങുമെങ്കിലും വീണ്ടും തിരികെയെത്തും.
കാട്ടാനശല്യം വ്യാപകമായ മേഖലയില്‍ പോലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടക്കുന്നില്ല. ജില്ലയില്‍ ആർ.ആർ.ടി സംഘത്തിന്റെ ശേഷി വര്‍ധിപ്പിച്ച് കൂടുതല്‍ ഇടങ്ങളില്‍ ഇവരെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
തുടരും...