കാട്ടാനകളെ ഭയന്ന് വീടിന് മുകളിൽ കുടിൽ; പ്രാണൻ മുറുകെപ്പിടിച്ച് ഒരു നാട്
text_fieldsകാട്ടാനയെ ഭയന്ന് വീടിന് മുകളിൽ ഷെഡ് നിർമ്മിക്കുന്ന ചിന്നക്കനാൽ ചെമ്പകത്തൊഴുകുടിയിലുള്ളവർ
തൊടുപുഴ: കാട്ടാനയെ ഭയന്ന് വീടിന് മുകളിൽ താൽക്കാലിക കുടിൽ കെട്ടി താമസിക്കുന്ന ജനവിഭാഗമുണ്ട് ഇടുക്കി ചിന്നക്കനാലിൽ. വീടിന് ചുറ്റും കിടങ്ങുകളടക്കം പ്രതിരോധ സംവിധാനങ്ങളുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ച് ഇരുട്ടിൽ പതുങ്ങിയെത്തുന്ന കാട്ടാനകൾ ഇവരുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളായി.
കാടിറങ്ങിയെത്തുന്ന ആനകൾ തങ്ങളുടെ ഒപ്പമുള്ളവരുടെ ജീവൻ അപഹരിക്കുന്നതും വീടും കൃഷിയും ചവിട്ടിയരക്കുന്നതും നോക്കി നെടുവീർപ്പിടാനാണ് പ്രദേശവാസികളുടെ വിധി. ഒടുവിൽ സ്വയം പ്രതിരോധമൊരുക്കുന്നതിന്റെ ഭാഗമായാണ് രാത്രി കാലങ്ങളിൽ വീടിന് മുകളിൽ കുടിൽകെട്ടി അന്തിയുറങ്ങുന്നത്.
ഇടുക്കി ചിന്നക്കനാൽ ചെമ്പകതൊഴു, ടാങ്ക് കുടി, 301 കോളനി നിവാസികളാണ് വന്യമൃഗ ശല്യം കൊണ്ട് പൊറുതി മുട്ടുന്നത്. ഞായറാഴ്ച ടാങ്ക് കുടിയിൽ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമത്തിനിടെ ടാങ്ക് കുടി സ്വദേശി കണ്ണന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയാണ്. ഇതോടെ ഈ വർഷം കാട്ടാനക്കലിയിൽ ഇടുക്കിയിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം ആറായി. ഇവരിൽ കൂടുതൽ പേരും ചിന്നക്കനാൽ പ്രദേശവാസികളാണ്.
ജനവാസമേഖലയിലെത്തുന്ന കാട്ടാനകളുടെ ശല്യം മൂലം വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് ഇവർക്ക്. കോൺക്രീറ്റ് വീടുകളിൽ പോലും പേടിയില്ലാതെ കിടക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഇവിടുത്തുകാർ പറയുന്നു.
സന്ധ്യയാകുന്നതോടെ ആനപ്പേടി മൂലം ആളുകൾ വീടുകൾക്ക് മുകളിൽ നിർമിച്ചിരിക്കുന്ന ഷെഡിലേക്ക് മാറും. മനസമാധാനത്തോടെ ഉറങ്ങാൻ കഴിയുമല്ലോ എന്നാണ് ഇവർ പറയുന്നത്. അതേ സമയം കാട്ടാനകൾ പുരപ്പുറത്തെ പ്ലാസ്റ്റിക് കുടിൽ വലിച്ചു താഴെയിടാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഒറ്റയാനെത്തി വീടിന്റെ ഭിത്തി തകർക്കുന്നതും വളർത്തു മൃഗങ്ങളെ ആക്രമിക്കുന്നതും കൃഷി ചവിട്ടി മെതിക്കുന്നതും ഇവിടുത്തെ പതിവ് കാഴ്ചകളാണ്. അധികൃതരെത്തിയാലും നടപടിയൊന്നുമുണ്ടാകുന്നുമില്ല.
ആനകളെ പേടിച്ച് ചിലർ ഭൂമി ഉപേക്ഷിച്ചുപോയി. ചിന്നക്കനാൽ സിങ്കു കണ്ടം, ബിഎൽറാം, ആനയിറങ്കൽ, പന്നിയാർ, കോരം പാറ, ശങ്കരപാണ്ഡ്യൻമെട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതലായും കാട്ടാനയാക്രമണം ഉണ്ടാകാറുള്ളത്. ചിന്നക്കനാൽ, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെടുന്നതാണ് ഈ സ്ഥലങ്ങൾ. ആനപ്പേടിയിലും സ്വന്തം മണ്ണ് ഉപേക്ഷിച്ച് പോകാൻ കഴിയാത്തവരാണ് ഇപ്പോഴും ഭീതിയോടെ കഴിയുന്നത്.
ഇത്രയും കാലം കൃഷിയെടുത്ത മണ്ണ് വിട്ടുപോകാൻ കഴിയില്ല. എവിടെ പോയാലും ഇനി ഒന്നും നട്ടുനയ്ക്കാൻ കഴിയില്ല. തിരികെ പോയാൽ വിളിച്ചുകയറ്റാൻ അവിടെ ആരുമില്ല.
ഞങ്ങൾക്കും ജീവിക്കേണ്ടേ എന്നാണ് ഇവരുടെ നിസഹായതയോടെയുള്ള ചോദ്യം. ഇടുക്കിയിലെ മിക്ക പ്രദേശങ്ങളിലും വന്യ ജീവി ശല്യം രൂക്ഷമാണ്. കാടിറങ്ങിയെത്തുന്ന കാട്ടാനയും പുലിയും കാട്ടുപോത്തുകളുമൊക്കെ ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുന്നു. വന്യ ജീവികളുടെ ആക്രമണത്തിൽ പരിക്കേറ്റ് കഴിയുന്നവരും നിരവധിയാണ്.