കാടിറങ്ങി കാട്ടാനകൾ; ഭയത്തോടെ സ്കൂളും ഗ്രാമവും
text_fieldsറോഡരികിൽ ഫെൻസിങ്ങിന് അപ്പുറത്ത് നിൽക്കുന്ന കാട്ടാന
തൊടുപുഴ: കാടിറങ്ങിയെത്തുന്ന കാട്ടാനകളെ ഭയന്ന് കഴിയുകയുകയാണ് ഒരു സ്കൂളും അതിലെ കുട്ടികളും ഒരു ഗ്രാമവുമൊന്നാകെ. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മുള്ളരിങ്ങാട് ഗ്രാമത്തിലെ ജനവാസ മേഖലകളിൽ കാട്ടാനകൾ തമ്പടിക്കുകയാണ്. വനമേഖലയുടെ അതിരിലാണ് മുള്ളരിങ്ങാട്ടെ നാഷനൽ ലോവർ പ്രൈമറി സ്കൂൾ. കുട്ടികൾ സ്കൂളിലേക്ക് എത്തുന്നത് കാട്ടാനകളെ ഭയന്നാണ്. 150ലധികം വിദ്യാർഥികൾ ഉണ്ടായിരുന്ന സ്കൂളിൽ 50 താഴെ കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളവർ. പലരും കാട്ടാന ഭീതിയിൽ കുട്ടികളെ മറ്റ് സ്കൂളിലേക്ക് മാറ്റി.
സ്കൂൾ പ്രവൃത്തി സമയത്ത് കാട്ടാനയുടെ ചിന്നംവിളി കേട്ട് നേരത്തെ സ്കൂൾ അടക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെന്ന് അധ്യാപകർ പറഞ്ഞു. സ്കൂളിൽ ഇരിക്കുന്ന ഗ്രാമത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. രാത്രി എത്തുന്ന ആനക്കൂട്ടങ്ങൾ പ്രദേശത്തെ കൃഷിഭൂമി ചവിട്ടി മെതിക്കുകയാണ്. ഒന്ന്, രണ്ട്, മൂന്ന്, 17 എന്നീ വാർഡുകളിലാണ് ആനശല്യം കൂടുതൽ. മാസങ്ങൾക്ക് മുമ്പാണ് പ്രദേശത്ത് ആനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഫെൻസിങ് തകർത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ വാച്ചർക്ക് വീണ് പരിക്കേറ്റ സംഭവവുമുണ്ടായി. വീണ്ടും ആനകൾക്ക് ജീവന് ഭീഷണിയാകുമോ എന്നാണ് ഇവരുടെ ആശങ്ക.
മൂന്ന് വർഷത്തിലേറെയായി പ്രദേശത്ത് കാട്ടാനകളുടെ നിരന്തര ശല്യം തുടങ്ങിയിട്ട്. പലവട്ടം പരാതിപ്പെട്ടിട്ടും ശാശ്വത പരിഹാരം ഇപ്പോഴുമകലെ. കർഷകർ പടക്കം പൊട്ടിച്ചും തീകൂട്ടിയും ഓടിക്കുമ്പോൾ കാട്ടാനകള്‍ ഉൾവനത്തിലേക്ക് വലിയും. താമസിയാതെ തിരിച്ചെത്തും. അമയല്‍തൊട്ടി പ്രദേശത്ത് 150ഓളം കുടുംബങ്ങളുണ്ട്.
ഇവിടത്തെ പല പാതകൾക്കും മൂന്നടിയിൽ കൂടുതൽ വീതിയില്ല. വഴിയിൽ ആന നിന്നാൽ രക്ഷപ്പെടാൻ ഒരു വഴിയുമില്ലെന്നാണ് പ്രശേവാസികൾ പറയുന്നത്. മേഖലയിൽ രാത്രിയായാൽ പല സ്ഥലങ്ങളിലും വെളിച്ചമില്ല. രാത്രിയെന്നോ പകലെന്നോയില്ലാതെയാണ് കാട്ടാനകളിലിറങ്ങുന്നത്. ഉൾക്കാട്ടിലേക്ക് പോകാതെ ജനവാസ മേഖലക്ക് സമീപം നിലയുറപ്പിച്ച കാട്ടാനകളെ പേടിച്ച് ഇനി എത്രനാള്‍ ഇങ്ങനെ കഴിയണമെന്നാണ് നാട്ടുകാര്‍ വനംവകുപ്പിനോട് ചോദിക്കുന്നത്.