വനിതകൾക്കായി പ്രതിരോധ പാഠം തീർത്ത് പൊലീസ്
text_fieldsവനിതാ സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ
പൊലീസ് നൽകുന്ന പരിശീലനത്തിൽ നിന്ന്
തൊടുപുഴ: വനിതകൾക്കും വിദ്യാർഥിനികൾക്കുമായി പ്രതിരോധ പാഠം തീർക്കുകയാണ് ജില്ലയിൽ ഒരു സംഘം പൊലീസുദ്യോഗസ്ഥർ. ജനകീയ പൊലീസിങ് പദ്ധതിക്കു കീഴിൽ കേരള പൊലീസ് നടപ്പാക്കി വരുന്ന വനിത സ്വയംപ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിൽ പരിശീലനം നൽകുന്നത്.
ബോധവത്കരണം, പ്രായോഗിക പരിശീലനംഎന്നിവ വഴി സ്ത്രീകളെ ശാക്തീകരിക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.പെട്ടെന്നുളള അതിക്രമങ്ങളെ നേരിടാൻ സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിന് പരിശീലനം നൽകുന്ന പദ്ധതിയിൽ ഇതിനോടകം ജില്ലയിൽ പ്രായോഗിക പരിശീലനം നേടിയത് ആയിരങ്ങളാണ്.
ശത്രുവിനെ കീഴടക്കാൻ ആയുധം വേണ്ട
ആയുധമൊന്നും ഇല്ലാതെ ശത്രുവിനെ കീഴടക്കുന്നത് എങ്ങനെയെന്നതാണ് പരിശീലനത്തിലെ മുഖ്യഘടകം. കൈ, കാല്‍മുട്ട്, തല, തോള് മുതലായ ശരീരഭാഗങ്ങള്‍ ഉപയോഗിച്ച് അക്രമിയെ നേരിടേണ്ടത് എങ്ങനെയെന്ന് സൗജന്യമായി പഠിപ്പിക്കുകയാണിവർ ചെയ്യുന്നത്. ഇതിലൂടെ ഏത് അവസ്ഥയിലും ധൈര്യം കൈവിടാതെ അക്രമികളെ പ്രതിരോധിക്കാന്‍ വിദ്യാർഥിനികൾക്കും സ്ത്രീകൾക്കും മാനസികമായ കരുത്ത് പകരലാണ് ലക്ഷ്യം.
പരിശീലനത്തിനെത്തുന്ന സ്ത്രീകൾക്ക് പ്രായ പരിധിയുമില്ല. വിവിധ സ്കൂളുകൾ, കോളജുകൾ, റസിഡൻറ്സ് അസോസിയേഷനുകൾ അടക്കം വിവിധ സന്നദ്ധ-സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ച് കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലെ കുടുംബശ്രീ യൂനിറ്റുകൾ, ഹരിത കർമസേന, വിവിധ ഓഫീസുകളിലെ വനിത ജീവനക്കാർ അടക്കം ഇതിനോടകം പരിശീലന പരിപാടിയുടെ ഭാഗമായി.
പരിശീലകരായി നാൽവർ സംഘം
തങ്കമണി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ ടി.ജി. ബിന്ദു, കെ.എസ്.സോഫിയ, ഇടുക്കി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി.ജി.ബിന്ദു, വനിതാ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അഞ്ജുഷാജി എന്നിവരാണ് ജില്ലയിലെ പരിശീലകർ.
സംസ്ഥാന തലത്തിൽ പൊലീസ് നൽകിയ പരിശീലനത്തിൽ പങ്കെടുത്ത മികവുമായാണ് ഇവർ ജില്ലയിൽ പരിശീലനം നൽകുന്നത്. ജില്ല പൊലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ അഡി.എസ്.പി ഇമ്മാനുവൽ പോൾ, എ.എസ്.പി ഓഫീസിലെ എ.എസ്.ഐ സജി ജോൺ എന്നിവർക്കാണ് ജില്ലയിൽ പദ്ധതി നടത്തിപ്പിന്റെ ചുമതല.
പദ്ധതി കൂടുതൽ വ്യാപകമാക്കാൻ സർക്കാർ
സംസ്ഥാന തലത്തിൽ 2021ലാരംഭിച്ച പദ്ധതി വിജയകരമായതിനെ തുടർന്ന് കൂടുതൽ വ്യാപകമാക്കാനുളള നീക്കങ്ങളിലാണ് സർക്കാരും ആഭ്യന്തര വകുപ്പും. ഇതിനായി ഓരോ ജില്ലകളിൽ നിന്നും കൂടുതൽ പൊലീസുകാർക്ക് പദ്ധതിയിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
ഓരോ ജില്ലയിൽ നിന്നും 20 പേരടങ്ങുന്നവരുടെ ലിസ്റ്റും ശേഖരിച്ചിരുന്നു. എന്നാൽ പൊലീസുദ്യോഗസ്ഥരുടെ എണ്ണക്കുറവും ജോലി ഭാരവും മൂലം നീക്കത്തിന് വേഗത കൈ വന്നിട്ടില്ല.ജില്ലയിൽ വനിതകൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സന്നദ്ധ സംഘടനകൾക്കോ 9497912649 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ പ്രതിരോധ പാഠവുമായി പൊലീസിലെ നാലംഗ വനിതാസംഘം കർമനിരതരാകും.