തേയിലത്തോട്ടത്തിൽ പുലി; ആടിനെ കൊന്നു
text_fieldsപുലി ആടിനെ കൊന്ന പ്രദേശത്ത് വനപാലകർ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു
കുമളി: വണ്ടിപ്പെരിയാറിൽ വനമേഖലയിൽനിന്നിറങ്ങിയ പുലി ആടിനെ കൊന്നു. ഹാരിസൺ മലയാളം ലിമിറ്റഡിന്റെ വാളാർഡി രണ്ടാം ഡിവിഷൻ ലയത്തിൽ താമസിക്കുന്ന സുബ്രഹ്മണ്യത്തിന്റെ ആടിനെയാണ് പുലി കൊന്നത്.
ശനിയാഴ്ച മുതൽ സുബ്രഹ്മണ്യന്റെ ആടിനെ കാണാതായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള തേയിലത്തോട്ടത്തിൽ പുലി ഭക്ഷിച്ച ആടിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ വനപാലകരെ അറിയിച്ചതനുസരിച്ച് ചെല്ലാർകോവിൽ സെക്ഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ പുലിയെ കണ്ടെത്താൻ പ്രദേശത്ത് രണ്ട് നിരീക്ഷണ കാമറ സ്ഥാപിച്ചു.