കൗതുകമുണര്‍ത്തി ആമപ്പാറയില്‍ ഭീമന് ആമ
text_fieldsനെടുങ്കണ്ടം: ആമപ്പാറയില്‍ ആമയോട് സാദൃശ്യമുള്ള കല്ല് മാത്രമല്ല, ഇനി ആമത്തോടും അതിലൊരു ഭീമൻ ആമയെയും കാണാം.
വിനോദസഞ്ചാരികള്‍ക്ക് കൗതുകമുണര്‍ത്തി ആമപ്പാറയില്‍ ഭീമന് ആമ. അകലെ നിന്ന് നോക്കുമ്പോൾ കാണുന്ന ആമ അടുത്ത് ചെല്ലുമ്പോഴാണ് ഒരു കെട്ടിടമാണെന്ന് തോന്നുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടില്‍ ആമപ്പാറ എന്ന സ്ഥലത്താണ് ഈ മനോഹരകാഴ്ച.
പല ആകൃതിയിലും രൂപത്തിലും ഭാവത്തിലും കെട്ടിടങ്ങള്‍ നിർമിക്കാറുണ്ടെങ്കിലും അവയിൽനിന്നെല്ലാം വ്യത്യസ്തമാണ് ആമപ്പാറയിലെ ആമത്തോട്. ശില്പത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
കാഴ്ചക്ക് മാത്രമല്ല, സൗകര്യങ്ങളുടെ കാര്യത്തിലും മുന്നിലാണിത്. നിര്‍മാണം പുരോഗമിക്കുന്ന ശില്പത്തിന് 42 അടി നീളവും 24 അടി വീതിയും 15 അടി ഉയരവുമുണ്ട്. പുറമെ ആമയോട് സാദൃശ്യമുള്ള തോടിനുള്ളില്‍ 300 ചതുരശ്രയടി വീതിയുള്ള രണ്ട് മുറിയും മറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ രണ്ടു മുറിയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാൻ മിനിയേച്ചര്‍ ആര്‍ട്ട് ഗാലറിയാണ് നിർമിക്കുന്നത്.
ഇവക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്, ജനാലകളില്ല. പുറത്തേക്ക് ആകെ രണ്ട് വാതില്‍ മാത്രം. വ്യത്യസ്തമായ നിര്‍മാണ ശൈലി മൂലം കെട്ടിടത്തിനുള്ളില്‍ അധികം ചൂടും അനുഭവപ്പെടാറില്ല. ചോറ്റുപാറ സ്വദേശി രതീഷ് എസ്. പ്രസന്നന്റെ ഭൂമിയില്‍ തോവാളപ്പടി സ്വദേശി ജോയി ഡാനിയേല്‍ എന്ന ശില്പിയുടെ കരവിരുതിലാണ് കഴിഞ്ഞ എട്ടുമാസമായി നിര്‍മാണം പുരോഗമിക്കുന്നത്. ആമയുടെ രൂപസാദൃശ്യമുള്ള കല്ലുള്ളതിനാലാണ് ഈ സ്ഥലം ആമപ്പാറ എന്നറിയപ്പെടുന്നത്. വിനോദസഞ്ചാരകേന്ദ്രമായ രാമക്കല്‍മേട്ടില്‍നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയാണ് ആമപ്പാറ. ഇടുക്കിയില്‍ പ്രകൃതി ഒരുക്കിയ നിരവധി വിസ്മയ കാഴ്ചകള്‍ക്കു പുറമെയാണ് മനുഷ്യനിര്‍മിതമായ ഈ കാഴ്ച.