നാക്കയംകാർക്ക് എന്നും ദുരിതയാത്ര; ഏകവഴി തകർന്നിട്ട് വർഷങ്ങൾ
text_fieldsവണ്ണപ്പുറം: കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ നാക്കയം നിവാസികളുടെ യാത്ര എന്നും ദുരിതമാണ്. ഇവിടേക്കുള്ള മൺറോഡ് തകർന്നിട്ട് വർഷങ്ങളായി. ഇതുവഴി കാൽനട പോലും ദുഷ്കരം. വേനൽ ആയാലും മഴയായാലും ഒരുപോലെ.
നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മേഖലയിൽ ആർക്കെങ്കിലും രോഗം വന്നാൽ കസേരയിൽ ചുമന്ന് വേണം റോഡിൽ എത്തിക്കാൻ. മൂവാറ്റുപുഴ-തേനി സംസ്ഥാനപാതയോട് ചേർന്നുള്ള ഭാഗമാണ് ഇവിടം. സാധനങ്ങൾ വാങ്ങി കിലോമീറ്റർ നടന്ന് തലയിൽ ചുമന്നാണ് വീട്ടിൽ എത്തിക്കുന്നത്. നാക്കയും മേഖലയിലുള്ളവർക്ക് മഴക്കാലമായതോടുകൂടി ദുരിതം മാത്രമാണുള്ളത്.
കുത്തനെയുള്ള ഇറക്കവും കയറ്റവും ഉള്ള മൺവഴിയിലൂടെയാണ് ഇവരുടെ യാത്ര. നിരവധി കുടുംബങ്ങളാണ് നാക്കയും വിട്ട് വണ്ണപ്പുറം പോലുള്ള സ്ഥലങ്ങളിൽ വീട് വാടകക്കെടുത്ത് താമസിച്ച് കുട്ടികളെ പഠിപ്പിക്കുന്നത്. നാക്കയത്തേക്ക് എത്താൻ വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തിലൂടെയാണ് വഴി. അര കിലോമീറ്റർ ഭാഗം മാത്രമാണ് രണ്ട് പഞ്ചായത്തുകളിലും കോൺക്രീറ്റ് ചെയ്തിട്ടുള്ളത്.
അവശേഷിക്കുന്ന ഒന്നര കിലോമീറ്റർ മൺറോഡാണ്. വെള്ളം ഒഴുകി റോഡ് ആകെ കുഴിയും ചെളിയുമായി. മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.