സംസ്ഥാന പാതയോരത്ത് അനുമതിയില്ലാത്ത മാലിന്യ ടാങ്കുകൾ അനവധി; പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തം
text_fieldsടൗണിൽ ഒരു വാണിജ്യ സ്ഥാപനത്തിന്റെ മുന്നിലായി സംസ്ഥാന പാതയോട് ചേർന്ന് നിർമിച്ചിരിക്കുന്ന മാലിന്യ ടാങ്കിന്റെ മാൻ ഹോൾ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് മറച്ച നിലയിൽ
കട്ടപ്പന: അനുമതിയില്ലാതെ നഗരത്തിൽ സംസ്ഥാന പാതയോരത്ത് അപകട ഭിഷണി ഉയർത്തുന്ന രീതിയിൽ നിർമിച്ച മാലിന്യ ടാങ്കുകൾ പൊളിച്ച് നീക്കണമെന്ന ആവശ്യമുയരുന്നു. കെട്ടിടങ്ങളോടനുബന്ധിച്ചാണ് ഭൂരിഭാഗം മാലിന്യ ടാങ്കുകളുടേയും അനധികൃത നിർമാണം നടന്നിരിക്കുന്നത്. കെട്ടിടങ്ങളുടെ പ്ലാനുകളോടൊപ്പം അതിനോട് ചേർന്നു നിർമിക്കാൻ ഉദ്ദേശിക്കുന്ന മാലിന്യ ടാങ്കുകളുടെ പ്ലാനും നഗര സഭയിൽ നൽകിയാണ് പലരും നിർമാണത്തിന് അനുമതി നേടിയത്. എന്നാൽ കെട്ടിട നിർമാണം പൂർത്തിയായപ്പോൾ നഗര സഭ അംഗീകരിച്ച പ്ലാൻ പ്രകാരമുള്ള മാലിന്യ ടാങ്കുകൾ ഒട്ടുമിക്ക കെട്ടിടങ്ങളിലും കാണാനില്ലെന്നാണ് ആക്ഷേപം . മാലിന്യ ടാങ്കുകളുടെ ഔട്ട്ലെറ്റ് പാതയോരത്തുള്ള ഓടകളിലേക്കാണ് തുറന്നു വച്ചിരിക്കുന്നത്.
ഇത്തരത്തിൽ നഗരത്തിൽ 50ലധികം മാലിന്യ ടാങ്കുകളാണ് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ നിർമിച്ച് ഓടകളിലേക്ക് തുറന്ന് വച്ചിരിക്കുന്നത്. ഈ മാലിന്യ ടാങ്കുകൾ വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്. റോഡരികുകളിൽ ഇതിന് മുകളിലായി വലിയ ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിടുമ്പോൾ ആശങ്കയുയരുകയാണ്. കട്ടപ്പന - പാറക്കടവ് റോഡിൽ ഇത്തരത്തിൽ നിർമിച്ച നിരവധി മാലിന്യ ടാങ്കുകൾ ഉണ്ട്.
പുറത്ത് ഒരുതരത്തിലും കാണാത്ത വിധമാണ് ഇവയുടെ നിർമാണം. കഴിഞ്ഞദിവസം മാലിന്യ ടാങ്കിൽ ഇറങ്ങി വിഷവാതകം ശ്വസിച്ചു മൂന്നുപേർ മരിച്ച മാലിന്യ ടാങ്കും ഇങ്ങനെ നിർമിച്ചതായിരുന്നു. രണ്ടടി വലുപ്പത്തിലുള്ള ഒരു മാൻ ഹോളും ഇതിനുണ്ടായിരുന്നു. ഈ മാൻ ഹോളിലൂടെ മാലിന്യ ടാങ്കിലേക്ക് ഇറങ്ങിയ തമിഴ് നാട് കമ്പം സ്വദേശികളായ മൈക്കിൾ, സുന്ദര പാണ്ഡിയൻ, ജയ രാമൻ എന്നീ തൊഴിലാളികളാണ് മരിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന് ജില്ല കലക്ടർ നൽകിയ റിപ്പോർട്ടിലും മാലിന്യ ടാങ്ക് അനധികൃതമായാണ് നിർമിച്ചതെങ്കിൽ നടപടി സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
മാലിന്യം തള്ളുന്നത് കട്ടപ്പനയാറിൽ
മാലിന്യ ടാങ്കുകൾ വൃത്തിയാക്കുമ്പോൾ പുറത്തെടുക്കുന്ന മാലിന്യങ്ങൾ ഒഴുക്കുന്നത് കട്ടപ്പനയാറിലും അതിന്റെ കൈവഴികളിലുമാണ്. നഗരസഭാ പരിധിയിലെ കെട്ടിടങ്ങളിലെയും വീടുകളിലെയും കക്കൂസ്, മാലിന്യ ടാങ്കുകളിൽ നിന്നുള്ള മാലിന്യങ്ങൾ ടാങ്കർ ലോറികളിൽ ശേഖരിച്ച ശേഷം രാത്രിയുടെ മറവിലാണ് നിക്ഷേപം. ഒട്ടു മിക്കപ്പോഴും പുഴയിലൂടെ കക്കൂസ് മാലിന്യങ്ങൾ ഒഴുകി പോകുന്നത് നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയാലും നടപടി ഉണ്ടാകാറില്ലന്ന് നാട്ടുകാർ പറയുന്നു. നദിയിൽ കുളിക്കുന്നവരും വസ്ത്രം അലക്കുന്നവരും പരാതി പറയാറുണ്ട്.
ശക്തമായ മഴയുളളപ്പോൾ ഇത് ഒഴുക്കി വിടുന്നതിനാൽ മിക്കപ്പോഴും ആളുകളുടെ ശ്രദ്ധയിൽപ്പെടുന്നില്ല. നഗരത്തിലെ മത്സ്യ- മാംസ വില്പന സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ ഒഴുക്കി വിടുന്നതിനു നിർമിച്ചിരിക്കുന്ന മാലിന്യ ടാങ്കുകളുടെ ഔട്ട്ലെറ്റും പുഴയിലേക്കാണ് തുറന്നിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.