അപ്രതീക്ഷിത മഴയിൽ വൻ നാശനഷ്ടം; നെഞ്ചിടിച്ച് മലയോരം
text_fieldsകൂട്ടാറിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ഓട്ടോ
നെടുങ്കണ്ടം: അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴ ഇടുക്കിയുടെ വിവിധ മേഖലകളിൽ വരുത്തിയത് പ്രളയ കാലത്തിന് സമാനമായ നാശ നഷ്ടങ്ങൾ. വെള്ളിയാഴ്ച വൈകിട്ടോടെ ഉരുണ്ട് കൂടിയ കാർമേഘം വളരെ പെട്ടെന്നാണ് പേമാരിയായത്. രാത്രി മുഴുവൻ തോരാതെ പെയ്ത മഴയെ തുടർന്ന് പുലർച്ചയോടെ പലയിടങ്ങളിലും വെള്ളം കയറിത്തുടങ്ങി. കല്ലാര്‍ പുഴ നിറഞ്ഞ് കവിഞ്ഞതോടെ കാര്യങ്ങൾ നിയന്ത്രണം വിട്ടു.
പുലര്‍ച്ചെ 4.10ന് കല്ലാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ 10 സെന്റീ മീറ്റര്‍ വീതം തുറന്ന് 40 ഘന അടി വെള്ളം ഒഴുക്കി. ഇതോടെ ആറിന്റെ തീരത്ത് താമസിച്ചിരുന്ന പല വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. തൂവല്‍ അരുവി വ്യൂ പോയന്റിലെ പാലം വെള്ളത്തിലായി. 2018 ലെ പ്രളയകാലത്താണ് കല്ലാര്‍ പുഴയിലെ മുഴുവന്‍ ഷട്ടറുകളും തുറന്നത്. പച്ചടി കുരിശുമല അടിവശത്ത് നിന്നും അര കിലോമീറ്ററോളം ഒഴുകി പോയ ഓട്ടോ നാട്ടുകാര്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ടു.
വീട് തകർന്നു; വിവിധയിടങ്ങളിൽ വെള്ളം കയറി
പട്ടം കോളനി മേഖലയില്‍ തിമര്‍ത്തു പെയ്ത മഴയെ തുടർന്ന് വീട് പൂർണമായി തകർന്നു. വിവിധയിടങ്ങളില്‍ വെള്ളം കയറി. ലക്ഷക്കണക്കിനു രൂപയുടെ കൃഷി നാശവുമുണ്ടായി. കൂട്ടാർ തെക്കേടത്ത് അരുണ്‍ ടി.പി.യുടെ വീടാണ് തകര്‍ന്നത്. കൂട്ടാര്‍, തൂക്കുപാലം, താന്നിമൂട്, കല്ലാര്‍, തേർഡ് എന്നീ പാലങ്ങളില്‍ വെള്ളം കയറി. മുണ്ടിയെരുമ, കൂട്ടാര്‍, അന്യാര്‍തൊളു, തേര്‍ഡ്ക്യാമ്പ്, സന്യാസിയോട, തൂക്കുപാലം, ബാലന്‍പിള്ള സിറ്റി, കോമ്പയാര്‍, ആനക്കല്ല്, താന്നിമൂട്, കല്ലാര്‍ തുടങ്ങിയ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
മുണ്ടിയെരുമ ടൗണും പ്രദേശവും വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളും വീട്ടുപകരണങ്ങളും വളര്‍ത്തുമൃഗങ്ങളും വെള്ളത്തിലാണ്. മുണ്ടിയെരുമ ആറ്റില്‍ വെള്ളം പൊങ്ങി വീട് മുങ്ങിയതിനെ തുടര്‍ന്ന് വീടിന് മുകളില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ എത്തി രക്ഷിച്ചു. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിച്ചും താല്‍ക്കാലിക പാലം നിര്‍മിച്ചും വടം കെട്ടിയുമാണ് സ്ത്രീകള്‍ അടക്കമുള്ളവരെ പുറത്തെത്തിച്ചത്. കല്ലാര്‍ പുഴയിലെ വെള്ളപ്പാച്ചിലില്‍ തിരുവല്ലപ്പടി ബി.എഡ് കോളജ് റോഡരികിലെ ചില വീടുകള്‍ വെള്ളത്തിലായി.
പുലർച്ച രണ്ടരയോടുകൂടിയാണ് വെള്ളം ഉയര്‍ന്നത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു. താന്നിമൂട് പാലം വെള്ളത്തിലായതോടെ ജലവിതരണ വകുപ്പിന്റെ താന്നിമൂട്ടിലെ പമ്പ് ഹൗസും വെള്ളത്തിലായി. ഇതോടെ ജലവിതരണവും നിലച്ചു. ശനിയാഴ്ച വൈകിട്ടും പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. കൂട്ടാര്‍ കൊച്ചറ, പാറക്കടവ്, മുണ്ടിയെരുമ ഭാഗത്തെ ആയിരത്തോളം ഏലച്ചെടികള്‍ വെള്ളത്തിലായി. കൂട്ടാര്‍ ബാങ്കിന് സമീപത്തുള്ള ചപ്പാത്ത് തകര്‍ന്നു. തൂക്കുപാലത്ത് നിന്നും ബാലഗ്രാം വഴി തമിഴ്നാടിനും കട്ടപ്പനക്കുമുള്ള റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.


