കേബിൾ ടി.വി; ഏഴുലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsകുമളി: കേബിൾ ടി.വി നെറ്റ്വർക്കിൽ പങ്കാളിത്തം നൽകാമെന്ന പേരിൽ കമ്പംമെട്ട് സ്വദേശിനിയിൽനിന്ന് ഏഴുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവിനെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊച്ചറ സ്വദേശി വിഷ്ണുമോനാണ് (35) അറസ്റ്റിലായത്. വണ്ടിപ്പെരിയാർ വാളാർഡി, വള്ളക്കടവ് മേഖലകളിലെ നെറ്റ്വർക്കിൽ പങ്കാളിത്തം നൽകാമെന്ന പേരിൽ മൂന്നുവർഷം മുമ്പാണ് ഏഴുലക്ഷം രൂപ വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു.
ഗ്ലോബൽ ടി.വി നെറ്റ്വർക്കിൽ പങ്കാളിത്തവും ലാഭവിഹിതവും നൽകാമെന്നായിരുന്നു കരാർ. എന്നാൽ, ലാഭവിഹിതം നൽകാതിരുന്നതോടെ തുക തിരികെ ചോദിച്ചെങ്കിലും നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. വണ്ടിപ്പെരിയാർ എസ്.ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.


