വികസനമെത്തുന്നില്ല:ടവറിൽ കയറി ആദിവാസി മൂപ്പെൻറ ആത്മഹത്യ ഭീഷണി
text_fieldsകെ.എസ്.ഇ.ബി. ഹൈടെൻഷൻ ഇലക്ട്രിക് ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന വഞ്ചിവയൽ ഊരുമൂപ്പൻ
Read more at: https://newspaper.mathrubhumi.com/idukki/news/idukki-1.7606572
വണ്ടിപ്പെരിയാർ: വഞ്ചിവയൽ ആദിവാസി കോളനിയിൽ പഞ്ചായത്തിെൻറ വികസനം എത്തുന്നില്ലെന്ന് ആരോപിച്ച് ഊരുമൂപ്പെൻറ ആത്മഹത്യ ഭീഷണി. ഊരുമൂപ്പൻ അജയനാണ് 220 കെ.വി ലൈൻ ടവറിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് വനപാലകരെത്തി അനുനയശ്രമം നടത്തിയെങ്കിലും താഴെയിറങ്ങാൻ തയാറായില്ല.
പഞ്ചായത്ത് അധികൃതരും ട്രൈബൽ ഡിപ്പാർട്മെന്റിലെ ഉത്തരവാദിത്തപ്പെട്ടവരും വന്നാൽ മാത്രമേ താഴെയിറങ്ങുകയുള്ളൂവെന്ന നിലപാട് തുടർന്നു. തുടർന്ന് വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.കെ. അജയഘോഷ്, വണ്ടിപ്പെരിയാർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ഡി. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘമെത്തി. തൊട്ടുപിന്നാലെ വണ്ടിപ്പെരിയാർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. അജയനെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന വഞ്ചിവയൽ ട്രൈബൽ കോളനിയിലേക്കുള്ള റോഡ് നന്നാക്കുക, പതിമൂന്നോളം കുടുംബങ്ങൾക്ക് വീട് അനുവദിച്ചു നൽകുക, ഊരുകൂട്ടം കൃത്യമായി കൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ആത്മഹത്യ ഭീഷണി. അജയനെ അനുനയിപ്പിച്ചതിനുശേഷം ഊരുകൂട്ടം കൂടാനും ഊരു നിവാസികളുടെ കാര്യങ്ങൾ കേൾക്കാനും പഞ്ചായത്ത് അധികൃതരും പട്ടികവർഗ വകുപ്പിലെ ഉദ്യേഗസ്ഥരും തയാറായി. പഞ്ചായത്ത് വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും ഇത് ചെയ്യുന്നതിന് വനം വകുപ്പിെൻറ എൻ.ഒ.സി ലഭിക്കുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാൽ, വനം വകുപ്പും വഞ്ചിവയൽ നിവാസികളും നല്ല സൗഹൃദത്തിലാണ് പ്രവർത്തിക്കുന്നതെന്നും കോളനിവാസികൾ പറയുന്നു.