കനത്തനാശം വിതച്ച് പേമാരി
text_fieldsവണ്ടിപ്പെരിയാർ: 2018 മഹാപ്രളയത്തിെൻറ മുറിവുകൾ ഉണങ്ങും മുേമ്പ പെയ്തിറങ്ങിയ കനത്ത മഴ പെരിയാർ തീരങ്ങളിൽ കനത്തനാശം വിതച്ചു. നാലുദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ പെരിയാർ നദിയുടെ ഇരുകരകളും കവിഞ്ഞൊഴുകി. നൂറിലധികം വീടുകളിൽ വെള്ളം കയറി.
വ്യാപകമായ കൃഷിനാശവും സംഭവിച്ചു. നൂറടിപ്പാലം, ശാന്തിപ്പാലം എന്നീ പാലങ്ങൾ ഭാഗിഗമായി തകർന്നു. ഇതോടെ മ്ലാമല ഗ്രാമം തീർത്തും ഒറ്റപ്പെട്ടു. മ്ലാമല പ്രദേശത്തെ വീടുകളിൽനിന്ന് ജനങ്ങളെ എസ്.എൻ.ഡി.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. പെരിയാർ ചോറ്റുപാറ കൈത്തോട്ടിൽ ഉണ്ടായ ശക്തമായ നീരൊഴുക്കിൽ ചോറ്റുപാറ, 62ാംമൈൽ, നെല്ലിമല, കക്കി കവല ചുരക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി കനത്ത നാശനഷ്ടമുണ്ടായി. മിക്ക വീടുകളുടെയും സംരക്ഷണഭിത്തി തകർന്ന് സാധന സാമഗ്രികൾ ഒലിച്ചുപോയി. നീരൊഴുക്കിൽ ചോറ്റുപാറ, 62ാംമൈൽ പള്ളിപ്പടി അയ്യങ്കേരിയിൽ സൂസമ്മയുടെ വീടിെൻറ അടിത്തറ പാതി ഒലിച്ചുപോയതിനാൽ ഏത് സമയവും നിലംപതിക്കാവുന്ന നിലയിലാണ്. കൊട്ടാരക്കര-ദിണ്ഡുഗൽ ദേശീയപാതയിൽ കുമളി ചളിമട മുതൽ വണ്ടിപ്പെരിയാർ വരെയുള്ള പ്രദേശത്തെ സംരക്ഷണ ഭിത്തികൾ റോഡിലേക്ക് തകർന്നുവീണു.
ചോറ്റുപാറ കൈതോട്ടിൽനിന്ന് വെള്ളംകയറി നെല്ലിമല, കക്കികവല എന്നിവിടങ്ങളിൽ ദേശീയപാതയിൽ വ്യാഴാഴ്ച രാത്രി ഗതാഗതം ഭാഗിഗമായി തടസ്സപ്പെട്ടു. മണിക്കൂറുകളോളം ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവ കുടുങ്ങി. സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പ്രവേശന കവാടത്തിന് സമീപത്തെ മൂന്ന് ഹോട്ടലുകൾ വെള്ളപ്പാച്ചിലിൽ പൂർണമായും ഒഴുകിപ്പോയി. സ്വകാര്യ എസ്റ്റേറ്റുകളിലെ ചെക്ക്ഡാമുകൾ കവിഞ്ഞൊഴുകുന്നതിനാൽ ജനങ്ങൾ ഏറെ ഭീതിയിലാണ്. വണ്ടിപ്പെരിയാർ പോളിടെക്നിക് കോളജ്, മോഹനം ഓഡിറ്റോറിയം, സെൻറ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.