വണ്ടിപ്പെരിയാറിൽ പുതിയ ബൈപാസ്: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും
text_fieldsതൊടുപുഴ: വണ്ടിപ്പെരിയാർ ബൈപാസ് യാഥാർഥ്യമാക്കുന്നതിന് മുന്നോടിയായുള്ള നടപടികൾ തുടങ്ങി. മഞ്ചുമല ജങ്ഷൻ മുതൽ സെന്റ് ജോസഫ് സ്‌കൂളിന്റെ മുൻവശം വരെയാണ് ബൈപാസിനുള്ള അലൈൻമെന്റ് തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം എൻ.എച്ച് ചീഫ് എൻജിനീയർ എ.സി. മണ്ഡൽ ഡീൻ കുര്യാക്കോസ് എം.പിയോടൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു.
ഏകദേശം ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന ബൈപാസ് വണ്ടിപ്പെരിയാർ ടൗണിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാനും വികസനത്തിനും സഹായിക്കുമെന്ന് എം.പി പറഞ്ഞു. ശബരിമല തീർഥാടകർ ധാരാളമായി പോകുന്ന ദേശീയ പാതയുടെ മൊത്തത്തിലുള്ള വികസനം കുമളി മുതൽ മുണ്ടക്കയം വരെ യാഥാർഥ്യമാകുമ്പോൾ വലിയ മുന്നേറ്റമുണ്ടാകും.
ദേശീയ പാത വിഭാഗം പ്രധാന പദ്ധതിയായാണ് ബൈപാസ് നടപ്പാക്കുന്നത്. നാലുവരിയായിട്ടായിരിക്കും നിർമാണം. ഇതുമായി ബന്ധപ്പെട്ട ലാൻഡ് അക്വിസിഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർണതയിലെത്തിക്കുന്നതിന് വനം ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കഴിഞ്ഞ ദിവസം കുമളി പെരിയാർ ഹൗസിൽ നടന്നിരുന്നു.
എൻ.എച്ച് 183യുടെ നവീകരണത്തിനുള്ള ലാൻഡ് അക്വിസിഷൻ സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥരും നാഷനൽ ഹൈവേ ഉദ്യോഗസ്ഥരും ഈ മാസം 12ന് സംയുക്ത പരിശോധന നടത്തുമെന്നും എം.പി പറഞ്ഞു.