കൊടുങ്കാറ്റിലും ഉലയാത്ത കോട്ട
text_fieldsപയ്യന്നൂർ: ദേശീയ പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് പയ്യന്നൂർ. നാളിതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഇവിടെ ചെങ്കോടിയാണ് പാറിയത്. അടുത്തിടെ നടന്ന പ്രാദേശിക ഭരണകൂടങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും ആ ചരിത്രം ആവർത്തിച്ചു. ഇടതുപക്ഷത്തെ മാത്രം തുണച്ച മണ്ഡലത്തിൽ രണ്ടാമങ്കത്തിന് ടി.ഐ. മധുസൂദനനെ തന്നെ ഇറക്കാനാണ് സി.പി.എം തീരുമാനമെന്ന് ഏതാണ്ട് ഉറപ്പായി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിലാണ് ടി.ഐ. മധുസൂദനൻ ജയിച്ചത്. കോൺഗ്രസ് ഇതുവരെ മനസ്സ് തുറന്നിട്ടില്ല. പയ്യന്നൂരിലെ തെരഞ്ഞെടുപ്പിൽ ഇക്കുറി വിവാദങ്ങൾ കത്തുന്ന കാലമാണ്. ഇതിലൂടെ രാഷ്ട്രീയ കേരളം ശ്രദ്ധിക്കുന്ന മണ്ഡലമായി പയ്യന്നൂർ മാറി. മധുസൂദനൻ മത്സരരംഗത്തെത്തിയാൽ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചതിന് പാർട്ടി പുറത്താക്കിയ മുൻ ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിച്ചേക്കും. അദ്ദേഹമത് നിഷേധിച്ചിട്ടുമില്ല. കുഞ്ഞികൃഷ്ണൻ മത്സരരംഗത്തെത്തിയാൽ യു.ഡി.എഫ് പിന്തുണ നൽകാനുള്ള സാധ്യതയും ഏറെയാണ്. കുഞ്ഞികൃഷ്ണൻ മത്സരരംഗത്തെത്തിയാൽ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം ഉൾപ്പെടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയ വിവാദം വീണ്ടും ചർച്ചയാവും. എന്നാൽ, ഇതൊന്നും പയ്യന്നൂരിന്റെ ചരിത്രഗതിയെ മാറ്റുമെന്ന് എതിരാളികൾപോലും പ്രതീക്ഷിക്കുന്നില്ല.
പയ്യന്നൂർ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ -പെരളം, പെരിങ്ങോം-വയക്കര, രാമന്തളി ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് പയ്യന്നൂർ മണ്ഡലം. കരിവെള്ളൂർ സമരസേനാനിയും സി.പി.എം നേതാവുമായ എ.വി. കുഞ്ഞമ്പുവാണ് നീലേശ്വരം ദ്വയാംഗ മണ്ഡലത്തിൽനിന്ന് മാറിയശേഷം ആദ്യമായി പയ്യന്നൂരിനെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തുന്നത്. പിന്നീട് സുബ്രഹ്മണ്യ ഷേണായിയും എം.വി. രാഘവനും സി.പി. നാരായണനും പിണറായി വിജയനും പി.കെ. ശ്രീമതിയും സി. കൃഷ്ണനുമുൾപ്പെടെയുള്ളവർ പയ്യന്നൂരിന്റെ പ്രതിനിധികളായി.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 93,695 വോട്ടാണ് ടി.ഐ. മധുസൂദനൻ നേടിയത്. കോൺഗ്രസിലെ എം. പ്രദീപ്കുമാറിന് 43,915 വോട്ട് ലഭിച്ചു. ബി.ജെ.പിയുടെ കെ.കെ. ശ്രീധരന് ലഭിച്ചത് 11,808 വോട്ട്. എൽ.ഡി.എഫ് ഭൂരിപക്ഷം 49780. വലതുകാറ്റ് വീശിയ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും പയ്യന്നൂർ എൽ.ഡി.എഫിനെ െകെയൊഴിഞ്ഞിരുന്നില്ല. എന്നാൽ, ഭൂരിപക്ഷം 13,257ലേക്ക് ചുരുങ്ങി.
തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ നിയമസഭാ മണ്ഡലം ഉൾക്കൊള്ളുന്ന പയ്യന്നൂർ നഗരസഭ, ചെറുപുഴ, എരമം-കുറ്റൂർ, കാങ്കോൽ-ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, രാമന്തളി 153 വാർഡുകളിൽ 112 എണ്ണം എൽ.ഡി.എഫ് നേടി. യു.ഡി.എഫിന് 37 വാർഡുകൾ ലഭിച്ചു. എൻ.ഡി.എക്ക് വാർഡുകളില്ല. മറ്റുള്ളവർക്ക് നാല് വാർഡുകളും ലഭിച്ചു. ചെറുപുഴ പഞ്ചായത്തിൽ മാത്രം യു.ഡി.എഫ് ഭരണം നേടിയപ്പോൾ ബാക്കി എല്ലാ തദ്ദേശ സ്ഥാപനങ്ങളും എൽ.ഡി.എഫിന്റേതാണ്.


