Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപെൺകരുത്തിൽ നൂറ്മേനി

പെൺകരുത്തിൽ നൂറ്മേനി

text_fields
bookmark_border
പെൺകരുത്തിൽ നൂറ്മേനി
cancel
camera_alt

കല്ലുമ്മക്കായ വിളവെടുപ്പ് നടത്തിയ വനിത സംരംഭകർ

തലശ്ശേരി: പത്ത് വനിത സംരംഭകർ കൈകോർത്തപ്പോൾ ധർമടം പഞ്ചായത്തിലെ മേലൂർ പുഴയിൽ വിരിഞ്ഞത് കല്ലുമ്മക്കായയുടെ നൂറുമേനി വിളവെടുപ്പ്. കൂട്ടായ്മയും ഉറച്ച മനസുമുണ്ടെങ്കിൽ ഏതു സംരംഭവും വിജയമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. ത്രീ സി റെസ്പോൺസിബിൾ ടൂറിസം ക്ലബിലെ അംഗങ്ങളായ നജ്മ ഹാഷിം, ഫർസാന, ഫാത്തിമ, ജലജ ചന്ദ്രൻ, സഹദിയ, സാബിറ, സിന്ധു, ലീന, റീന, ഗിരിജ എന്നിവർ ചേർന്നാണ് ഈ വേറിട്ട പരീക്ഷണം വിജയത്തിലെത്തിച്ചത്. ഭക്ഷണ പ്രിയരായ തലശ്ശേരിക്കാരുടെ തീൻമേശയിലേക്ക് ഇനി മേലൂർ പുഴയിൽ നിന്നുള്ള കല്ലുമ്മക്കായയുടെ സ്വാദുമെത്തും.

ആറ് മാസം മുമ്പ് ഉണ്ണി എന്ന പരിശീലകന്റെ കൈപിടിച്ച് പുഴയുടെ ആഴങ്ങളിലേക്ക് 250 കയറുകളിൽ വിത്തിട്ടാണ് ഇവർ ലക്ഷ്യം കൈവരിച്ചത്. തീൻമേശകളിൽ നാടിന്റെ പ്രിയപ്പെട്ട വിഭവമായ കല്ലുമ്മക്കായ മായം കലരാതെ മിതമായ നിരക്കിൽ ജനങ്ങളിലെത്തിക്കുക വഴി ഉദ്ദേശിച്ച സംരംഭം വിജയ പ്രാപ്തിയിലെത്തിയതിന്‍റെ സന്തോഷത്തിലാണ് ഈ വനിത സംരംഭകർ. ഏകദേശം ഒരു ലക്ഷം രൂപ ചെലവിട്ട് മുള കൊണ്ട് ബണ്ട് സ്ഥാപിച്ച് ചകിരിയിൽ വിത്ത് ചേർത്തുപിടിപ്പിച്ചായിരുന്നു കൃഷി. കൃത്യമായ ഇടവേളകളിൽ ചെളി തട്ടിക്കൊടുക്കുന്ന പരിപാലനം മാത്രമാണ് നടത്തിയത്.

കൃഷിയിടത്തിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചുള്ള ആധുനിക രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അത്യുഷ്ണത്താൽ വിപണിയിൽ ചെറിയ മത്സ്യങ്ങൾക്ക് പോലും തീവിലയുള്ളപ്പോൾ വെറും 250 രൂപക്ക് കല്ലുമ്മക്കായ വിളവെടുത്തു നൽകുന്നത് ഭക്ഷണപ്രേമികൾക്ക് വലിയ ആവേശമാണ്. ആവശ്യക്കാർക്ക് അപ്പോൾ തന്നെ പുഴയിൽനിന്ന് കയർ വലിച്ചുയർത്തി ഫ്രഷ് കല്ലുമ്മക്കായ നൽകുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒപ്പം വീടുകളിലെത്തിച്ചു നൽകാനുള്ള സൗകര്യവുമുണ്ട്. ആറുമാസത്തെ കാത്തിരിപ്പിന് ശേഷം പുഴയിൽ നിന്ന് കയർ ഉയർത്തുമ്പോൾ മുഴുത്ത കല്ലുമ്മക്കായകൾക്കൊപ്പം വിരിയുന്നത് പത്ത് വനിതകളുടെ കഠിനാധ്വാനത്തിന്റെ വിജയഗാഥയാണ്.

Show Full Article
TAGS:Kannur News Local News Women's empowerment 
News Summary - A hundred thousand in women's minds
Next Story