കേരളത്തിലും മരുന്ന് പരിശോധന വഴിപാട്: വിൽക്കുന്നത് മൂന്ന് ലക്ഷത്തോളം ബാച്ച് മരുന്ന്
text_fieldsതിരുവനന്തപുരം: കേരളത്തിലും വിറ്റഴിക്കുന്ന മരുന്നുകളിൽ ഗുണമേന്മ പരിശോധന ചെറിയ ശതമാനത്തിൽ മാത്രം. വിതരണക്കാരിൽനിന്നോ വിൽപനക്കാരിൽനിന്നോ സാമ്പിൾ ശേഖരിച്ച് പരിശോധന ഫലം വരുമ്പോഴേക്കും ആ ബാച്ച് മരുന്ന് മുഴുവൻ രോഗികൾ കഴിച്ചിട്ടുണ്ടാകും. ഗുണമേന്മയില്ലെന്നാണ് ഫലം വരുന്നതെങ്കിൽ മരുന്ന് കഴിച്ച രോഗി മരണത്തിന് കീഴ്പെടുകയോ മറ്റെന്തെങ്കിലും ഗുരുതര രോഗത്തിന്റെ പിടിയിലാവുകയോ ചെയ്തിട്ടുണ്ടാകും.
വിദേശ രാജ്യങ്ങളിൽ ഗുണമേന്മ പരിശോധിച്ച് സർട്ടിഫൈ ചെയ്ത മരുന്നുകൾ മാത്രമേ വിൽക്കാനാവൂ. കേരളത്തിലടക്കം വിപണി ലക്ഷ്യമാക്കിയുള്ള മരുന്നുവിതരണമാണ് നടക്കുന്നതെന്ന് ആക്ഷേപമുണ്ട്. മൂന്ന് ലക്ഷത്തോളം ബാച്ച് മരുന്നാണ് കേരളത്തിൽ വിൽക്കുന്നത്. പതിനായിരത്തിൽ താഴെ സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമെ കേരളത്തിലുള്ളൂ. തിരുവനന്തുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡ്രഗ്സ് കൺട്രോൾ ലാബുകളുള്ളത്. ഇവിടെ ശേഖരിക്കുന്ന മരുന്നുകളുടെ പരിശോധനാഫലംതന്നെ പലപ്പോഴും വർഷങ്ങൾ കഴിഞ്ഞാണ് ലഭിക്കാറ്.
മരുന്ന് പരിശോധനയിൽ ഗുരുതര വീഴ്ചയുണ്ടെന്നും പരിശോധനകൾ കൃത്യമായും സമയബന്ധിതമായും നടത്തണമെന്നും പൊതുപ്രവർത്തകൻ കവടിയാർ ഹരികുമാർ നൽകിയ ഹരജിയിൽ മനുഷ്യാവകാശ കമീഷൻ 2022 ജനുവരിയിൽ ഉത്തരവിട്ടിരുന്നു. എന്നാൽ, ഒന്നും നടന്നില്ല.
മരുന്നുകളുടെ ഗുണനിരവാരം ഉറപ്പാക്കാൻ ആവശ്യമായ പരിശോധനകൾ നടക്കുന്നില്ലെന്ന് പലകാലഘട്ടങ്ങളിൽ അക്കൗണ്ടന്റ് ജനറൽ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.


