20 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ സ്ത്രീ അറസ്റ്റിൽ
text_fieldsആലക്കോട്: സ്ത്രീധന പീഡന, ആത്മഹത്യാപ്രേരണ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 20 വര്‍ഷം മുമ്പ് ആലക്കോട് നിന്ന് നാടുവിട്ട പിടികിട്ടാപ്പുള്ളിയായ സ്ത്രീയെ പൊലീസ് തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് പിടികൂടി. അരങ്ങം വട്ടക്കയത്തെ വടക്കിനിപുരയില്‍ ബിന്ദു (50) വാണ് പിടിയിലായത്. 2005 ജൂലായില്‍ ബിന്ദുവിന്റെ സഹോദരന്‍ പ്രകാശന്റെ ഭാര്യ കുഞ്ഞിനൊപ്പം ജീവനൊടുക്കിയ സംഭവത്തില്‍ ഗാര്‍ഹികപീഡനത്തിന് പ്രകാശന്‍, ബിന്ദു ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് തന്റെ കുട്ടികളുമായി ബിന്ദു നാടുവിടുകയായിരുന്നു.
2008ല്‍ കോടതി ഇവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് റൂറൽ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സ്‌പെഷല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് തൂത്തുക്കുടിയില്‍ നിന്ന് കണ്ടെത്തിയത്. സ്വന്തം പേര് മാറ്റി കല എന്ന പേരിലാണ് അവര്‍ താമസിച്ചത്.
തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ ആലക്കോട് ഇൻസ്പെക്ടർ മഹേഷ് കെ. നായരാണ് ബിന്ദുവിനെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐമാരായ മുനീര്‍, സജിഷ, സീനിയര്‍ സി.പി.ഒ ജാബിര്‍, സി.പി.ഒ അതുല്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ബിന്ദുവിനെ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി.


