അഞ്ചരക്കണ്ടി പഞ്ചായത്ത്; കുതിപ്പും കിതപ്പും നേട്ടമാക്കാൻ മുന്നണികൾ
text_fieldsഅഞ്ചരക്കണ്ടി: പഞ്ചായത്ത് ഭരണ സമിതിയുടെയും സംസ്ഥാന സർക്കാറിന്റെയും വികസന പ്രവർത്തനങ്ങളേയും നേട്ടങ്ങളെയും വോട്ടാക്കി മാറ്റാനുള്ള പ്രചാരണത്തിലാണ് അഞ്ചരക്കണ്ടിയിൽ ഇടതുമുന്നണി.
പഞ്ചായത്ത് രൂപവത്കരണം മുതൽ ഇടതുപക്ഷം ഭരണം നടത്തിയ പഞ്ചായത്താണ് അഞ്ചരക്കണ്ടി. പലപ്പോഴായി പലതരത്തിൽ വാർഡ് അതിർത്തികൾ അങ്ങോട്ടുമിങ്ങോട്ടും മാറിയെങ്കിലും ഇടതുപക്ഷമൊഴികെ മറ്റു മുന്നണികൾക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ ഇതുവരെയായിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളും ലഭിച്ച പുരസ്കാരങ്ങളും മറ്റു നേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് ഇത്തവണയും ജനങ്ങളെ സമീപിക്കുന്നത്.
വാർഡ് വിഭജനം എൽ.ഡി.എഫിനെ സംബന്ധിച്ച് വലിയ നേട്ടമുണ്ടാക്കാൻ ഇടയാക്കുമെന്നാണ് കണക്കുകൂട്ടൽ. രണ്ടുവാർഡുകളാണ് പഞ്ചായത്തിൽ അധികം രൂപംകൊണ്ടത്. നിലവിലുള്ള വാർഡിലെ നില മെച്ചപ്പെടുത്താനും പുതിയ വാർഡുകൾ പിടിച്ചെടുക്കാനുമുള്ള തന്ത്രങ്ങളുമായി എൽ.ഡി.എഫ് പ്രചാരണ രംഗത്ത് മുന്നിലാണ്. നിലവിൽ 11 വാർഡുകളിൽ സി.പി.എമ്മും ഒരു വാർഡിൽ സി.പി.ഐയുമാണ്.
സർക്കാറിന്റെ ജനദ്രോഹനയങ്ങളും പഞ്ചായത്തിൽ വികസനമുരടിപ്പും തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയാണ് യു.ഡി.എഫ് പ്രചാരണത്തിനിറങ്ങുന്നത്. യു.ഡി.എഫ് അനുകൂലമായ തരംഗമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ. കേവലം മൂന്ന് സീറ്റുമാത്രമാണ് ഐക്യജനാധിപത്യ മുന്നണിക്ക് നിലവിലുള്ളത്. എന്നാൽ, ഇത്തവണ നടന്ന വാർഡ് വിഭജനവും വർധനയും നല്ല രീതിയിൽ തങ്ങൾക്കനുകൂലമായി മാറുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്.
പല വാർഡുകളിലും നേരിയ വോട്ടിനാണ് കഴിഞ്ഞ തവണ യു.ഡി.എഫ് പരാജയപ്പെട്ടത്. പഞ്ചായത്തിൽ രണ്ടു വാർഡിൽ കോൺഗ്രസും ഒരു വാർഡിൽ മുസ് ലിം ലീഗുമാണ് നിലവിലുള്ളത്. വാർഡ് വിഭജനം വോട്ടിങ് നിലയിൽ മാറ്റമുണ്ടാക്കുമെന്നും വളരെ മെച്ചപ്പെട്ട ഒരവസ്ഥയിലേക്ക് യു.ഡി.എഫ് എത്തുമെന്നുമാണ് ഇവരുടെ വിലയിരുത്തൽ. കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങളുടെ പിൻബലത്തിൽ ബി.ജെ.പി സ്ഥാനാർഥികളും പഞ്ചായത്തിലെ വാർഡുകളിൽ സജീവ സാന്നിധ്യമായി. കേന്ദ്ര സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനും ബി.ജെ.പി പ്രവർത്തനം തുടങ്ങി.
നിലമെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് ബി.ജെ.പി മുൻതൂക്കം നൽകുന്നത്. ആകെ വാർഡുകൾ: 15. ഭരണകക്ഷി എൽ.ഡി.എഫ് സി.പി.എം-11, സി.പി.ഐ-1, പ്രതിപക്ഷം യു.ഡി.എഫ്. കോൺ. -2, മുസ് ലിം ലീഗ്-1, രണ്ട് വാർഡ് വർധിച്ച് നിലവിൽ 17.


