സി.പി.എം പ്രവർത്തകരെ വധിക്കാൻ ശ്രമിച്ച കേസ്; അഞ്ച് ബി.ജെ.പി പ്രവർത്തകർക്ക് കഠിനതടവും പിഴയും
text_fieldsതലശ്ശേരി: സി.പി.എം പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് കഠിന തടവും പിഴയും. മാനന്തേരി വണ്ണാത്തിമൂല സ്വദേശികളായ ചുണ്ടയിൽ ഹൗസിൽ ഇ. പ്രമോദ് (40), പുത്തൻപുരയിൽ ഹൗസിൽ പരപ്രത്ത് ഷിജിൽ (36), ചേറപ്പത്തൈയിൽ ഹൗസിൽ എം. സുകുമാരൻ (54), വലിയപറമ്പത്ത് ഹൗസിൽ കെ.കെ. സുഭീഷ് (39), പാറേമ്മൽ ഹൗസിൽ കെ. ലിനീഷ് എന്ന മണി (54) എന്നിവരെയാണ് വിവിധ വകുപ്പുകളിലായി തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (നാല്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്.
ഒന്നും രണ്ടും പ്രതികളായ ഇ. പ്രമോദ്, പരപ്രത്ത് ഷിജിൽ എന്നിവർക്ക് ആയുധനിയമ പ്രകാരം ഉൾപ്പെടെ 28 വർഷവും ഏഴ് മാസവും വീതം കഠിന തടവും 80,000 രൂപ വീതം പിഴയുമാണ് ശിക്ഷ. മൂന്നു മുതൽ അഞ്ച് വരെ പ്രതികളായ എം. സുകുമാരൻ, കെ.കെ. സുഭീഷ്, കെ. ലിനീഷ് എന്ന മണി എന്നിവർക്ക് 21 വർഷവും ഏഴ് മാസവും വീതം കഠിന തടവും 80,000 രൂപ വീതം പിഴയുമാണ് ശിക്ഷ. എന്നാൽ, ശിക്ഷ എട്ടു വർഷം കഠിന തടവായി ഒന്നിച്ചനുഭവിച്ചാൽ മതി.
മാനന്തേരി വണ്ണാത്തിമൂലയിലെ സി.പി.എം പ്രവർത്തകരായ ചുണ്ടയിൽ വീട്ടിൽ കെ. രമേശൻ (56), കുന്നുമ്മൽ വീട്ടിൽ കെ. സുരേഷ്ബാബു(51), കപ്പണയിൽ വീട്ടിൽ ടി.കെ. വിജേഷ് (46), പുള്ളുവന്റവിട കാരായി പുരുഷോത്തമൻ (52) എന്നിവരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
പിഴ സംഖ്യയിൽനിന്ന് പരിക്കേറ്റ സുരേഷ് ബാബുവിന് രണ്ട് ലക്ഷവും പുരുഷോത്തമന് 50,000 രൂപയും രമേശന് 25,000 രൂപയും നൽകണമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. തിങ്കളാഴ്ച കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് പ്രതികൾക്കും വെള്ളിയാഴ്ച ഉച്ചയോടെയാണ് ശിക്ഷ വിധിച്ചത്. ഏഴു പ്രതികളുള്ള കേസിൽ നാലാംപ്രതി വണ്ണാത്തിമൂല കുട്ടിക്കുന്നുമ്മൽ ഹൗസിൽ കെ.കെ. രമേശനെ (48) കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം കോടതി വിട്ടയച്ചു. ആറാംപ്രതി വണ്ണാത്തിമൂല പൊയിൽ ഹൗസിൽ പി. പ്രേമൻ എന്ന കസൻ (48) വിചാരണ വേളയിൽ ഹാജരായിരുന്നില്ല. ഇയാളുടെ പേരിലുള്ള കേസ് കോടതി പ്രത്യേകം പരിഗണിക്കും.
2016 ഏപ്രിൽ 16ന് രാത്രി 11.30 നാണ് സംഭവം. രാഷ്ട്രീയ വിരോധം കാരണം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പരിക്കേറ്റ രമേശന്റെ വീട്ടുപറമ്പിൽ സ്ഥാപിച്ച എൽ.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് നശിപ്പിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് സി.പി.എം പ്രവർത്തകരായ നാല് പേരും ആക്രമിക്കപ്പെട്ടത്. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷ്ബാബുവിന്റെ കാൽ അറ്റുതൂങ്ങിയതിനാൽ ഏറെ കാലം ചികിത്സയിലായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. രൂപേഷ് ഹാജരായി.