കളിയുണ്ട്, കളിയിടവും; അടിസ്ഥാന സൗകര്യങ്ങൾ ഇനിയും വേണം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ
text_fieldsപയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് അന്താരാഷ്ട്ര നിലവാരമുള്ള കളിയിടമുണ്ട്. സ്കൂൾ കായിക മേളകളാരംഭിച്ചതോടെ എല്ലാ ദിവസവും മൈതാനം സജീവവുമാണ്. എന്നാൽ, കോടികൾ ചെലവഴിച്ച് യാഥാർഥ്യമായ കളിയിടത്തിന് ഇനിയും വേണം അടിസ്ഥാന സൗകര്യങ്ങൾ. പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികളുൾപ്പെടെ മത്സരത്തിനെത്തുന്നവർ കടുത്ത വെയിൽ കൊണ്ട് നിൽക്കണം. മൈതാനത്തിന്റെ പ്രൗഢിക്ക് അനുയോജ്യമായ പവിലിയൻ, ഗാലറി ഇവ അടിയന്തരമായി വേണം.
ഇതിനു പുറമെ ആവശ്യത്തിന് ശുചി മുറികൾ, ഡ്രസ്സിങ് മുറികൾ, ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ, ഫ്ലഡ് ലൈറ്റ് എന്നിവയും അടിയന്തരമായി വേണമെന്ന് കായിക പ്രേമികൾ ആവശ്യപ്പെടുന്നു. മൈതാനത്ത് ആവശ്യമായ വെളിച്ചമില്ലാത്തതിന്റെ പേരിൽ മാത്രമാണ് സംസ്ഥാന ഫുട്ബാൾ മത്സരം നഷ്ടമായത്. അനുബന്ധ ഉപകരണങ്ങളില്ലാത്തതിനാൻ മറ്റെവിടെനിന്നെങ്കിലും ഉപകരണം എത്തിച്ചുവേണം മത്സരങ്ങൾ നടത്താൻ.
കേന്ദ്ര സർക്കാറിന്റെ ഖേൽ ഇന്ത്യ പദ്ധതിയിലുൾപ്പെടുത്തിയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് ഏഴു കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കും വലിയ പുൽമൈതാനവും ഉണ്ടാക്കിയത്. ഇവിടുത്തെ ആദ്യ സംസ്ഥാന മത്സരമായി കഴിഞ്ഞ വർഷം പത്താമത് സംസ്ഥാന ആരോഗ്യ സർവകലാശാല അത് ലറ്റിക് മേള വിജയകരമായി നടന്നു. ഇതിനുവേണ്ട ഉപകരണങ്ങളായ ഹർഡിൽസ്, ജമ്പിങ് പിറ്റ് തുടങ്ങിയവ കണ്ണൂർ സർവകലാശാലയിൽ നിന്നാണ് മെഡിക്കൽ കോളജിലെത്തിയത്. ഇതിന് വലിയ വണ്ടി വാടക നൽകേണ്ടിവരുന്നു.
കളിയുപകരണങ്ങൾ കൂടി അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. ഉപകരണങ്ങൾ ഉണ്ടെങ്കിൽ ജില്ല, സംസ്ഥാനതല സ്കൂൾ, സർവകലാശാല കായികമേളകൾ, എന്നിഇവ നടത്താൻ മൈതാനം പ്രയോജനപ്പെടുത്താം. ഏഴു കോടിയോളം ചെലവിൽ നിർമിച്ച മൈതാനത്തിന് 20 ലക്ഷത്തോളം രുപയുണ്ടെങ്കിൽ അത് ലറ്റിക് ഉപകരണങ്ങൾ വാങ്ങാമെന്ന് കായിക രംഗത്തുള്ളവർ പറയുന്നു.


