ഓണത്തിന് നാട്ടിലെത്താൻ ബംഗളൂരു മലയാളികൾ വിയർക്കും
text_fieldsKSRTC BUS
കണ്ണൂർ: ഓണത്തിന് നാട്ടിലെത്താൻ ബംഗളൂരു മലയാളികളിൽ പലരും ഇത്തവണയും ഏറെ പ്രയാസപ്പെടും. ബംഗളൂരു, കർണാടക ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള ബസുകളെല്ലാം ഇതിനകംതന്നെ ബുക്കിങ് കഴിഞ്ഞിട്ടുണ്ട്. കേരള ആര്.ടി.സി കൂടുതല്‍ സ്പെഷൽ ബസുകൾ ഇറക്കിയിട്ടുമില്ല. ഇത് തിരിച്ചറിഞ്ഞ സ്വകാര്യബസുകൾ സീസണിൽ വൻ നിരക്ക് ഈടാക്കാനും തുടങ്ങി. ഓണത്തിന് നാട്ടിലേക്ക് വരാൻ കൊച്ചുവേളിയിലേക്കും തിരിച്ചുമെല്ലാം പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളുടെ ടിക്കറ്റുകളും ഇതിനകം തീർന്നു.
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽതന്നെ തീർന്നു. ഓണാഘോഷം കഴിഞ്ഞ് തിരിച്ചുപോകാൻ സെപ്റ്റംബര്‍ ഏഴിലേക്കുള്ള കര്‍ണാടക ആർ.ടി.സിയുടെയും കേരള ആര്.ടി.സിയുടെയും ടിക്കറ്റുകളും തീര്‍ന്നു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വർധിപ്പിച്ചത്. മുൻ വർഷങ്ങളിൽ സ്വകാര്യ ബസുകൾ ഈ സീസണിൽ മൂന്നിരട്ടിവരെ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു. എ.സി മൾട്ടി ആക്സിൽ ബസുകളിൽ 2,500 - 3500 രൂപവരെയാണ് ടിക്കറ്റ് നിരക്ക്. ദിവസം കഴിയുന്തോറും നിരക്ക് ഇനിയും വർധിപ്പിക്കാനാണ് സാധ്യത.
ബംഗളൂരു മലയാളികള്‍ക്ക് മുൻ കാലങ്ങളിലും ഓണക്കാലത്ത് യാത്രാദുരിതം തന്നെയായിരുന്നു. എന്നിട്ടും അധികൃതർ ആഘോഷ സീസണിൽ ദുരിതം പരിഹരിക്കാൻ ഇടപെടുന്നില്ലെന്നതാണ് അവസ്ഥ. കേരള, കർണാടക ആർ.ടി.സി ബസുകളിൽ 30 ദിവസംമുമ്പ് മാത്രമേ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാകുകയുള്ളൂ. സെപ്റ്റംബർ മാസത്തെ ബുക്കിങ് ആഗസ്റ്റ് ആദ്യവാരം തുടങ്ങിയിരുന്നു. അത് രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്തു. അതേസമയം കേരള ആര്.ടി.സി ബസുകള്‍ സ്പെഷല്‍ സര്വിസുണ്ടെന്നത് പ്രഖ്യാപനം മാത്രമാണെന്ന ആരോപണവുമുണ്ട്.
ബസും ട്രെയിനുമില്ലാത്തതിനാൽ വിമാനമാര്‍ഗം നാട്ടിലെത്താന്‍ ആലോചിക്കുന്നവരുമുണ്ട്. ബംഗളൂരുവിൽനിന്ന് കൂടുതൽ സർവിസുകളുള്ള കൊച്ചിയിലേക്ക് സെപ്റ്റംബർ ആദ്യവാരം 3,800 - 5,000 രൂപവരെയും തിരുവനന്തപുരത്തേക്ക് 4,800 - 5,500 രൂപയും കോഴിക്കോട്ടേക്ക് 3,000 - 3,900 രൂപയും കണ്ണൂരിലേക്ക് 4,600 - 5,000 രൂപയുമാണ് വിമാന ടിക്കറ്റ് നിരക്ക്. ഓണം അടുക്കുന്നതോടെ നിരക്ക് വീണ്ടും ഉയരും.