ഉദ്യോഗസ്ഥർക്ക് ആഴ്ചപ്പടി; ആർ.ടി ഓഫിസിൽ പിടിമുറുക്കി ഏജന്റുമാർ
text_fieldsകണ്ണൂർ: കൈക്കൂലി തടയുമെന്ന് സർക്കാർ കർശനമായി പറയുമ്പോഴും അതൊന്നും ബാധകമല്ലെന്ന് തെളിയിച്ച് വീണ്ടും ആർ.ടി ഓഫിസുകൾ. ജില്ലയിലെ വിവിധ ആർ.ടി ഓഫിസുകളിൽ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് ഇപ്പോഴും ഏജന്റുമാരാണ്. ജില്ലയിൽ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി എന്നിവിടങ്ങളിലാണ് ആർ.ടി ഓഫിസുകളുള്ളത്. ഇതിൽതന്നെ കണ്ണൂർ, തലശ്ശേരി, ഇരിട്ടി ഓഫിസുകളിലെ ചില ഉദ്യോഗസ്ഥർക്കെതിരെയാണ് വ്യാപക പരാതികൾ വിജിലൻസിന് ലഭിച്ചത്.
വാഹന സംബന്ധമായ വിവിധ ആവശ്യങ്ങൾക്കായി ദിനം പ്രതി എത്തുന്ന ആളുകളെ മോട്ടോർ വാഹന വകുപ്പിനു വേണ്ടി വരവേൽക്കുന്നത് ഏജന്റുമാരാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുമുണ്ട്. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്.പി ടി. അബ്ദുൽ റസാഖിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി ഗണേഷ് കുമാർ ശനിയാഴ്ച കണ്ണൂർ ആർ.ടി ഓഫിസിൽ പരിശോധനക്കെത്തിയപ്പോൾ ആറു ഏജന്റുമാരെയാണ് കൈക്കൂലി നൽകാനുള്ള പണവുമായി പിടികൂടിയത്.
ഓൺലൈൻ സേവനം വന്നിട്ടും ഏജന്റുമാർ ആളുകളെ വട്ടം കറക്കി വൻ തുക വാങ്ങിയെടുത്താണ് ഒരു വിഹിതം ആഴ്ചയിൽ ഒരു തവണ ഉദ്യോഗസ്ഥർക്ക് നൽകുന്നതെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ചകളിലാണ് കൈക്കൂലി പണം കൈമാറുന്നത്. ഉദ്യോഗസ്ഥന്റെ പുറമെ വെച്ചിട്ടുള്ള വണ്ടിയിലും ഗൂഗ്ൾ പേ വഴിയും മറ്റ് രീതികളിലുമെല്ലാം കൈക്കൂലി വാങ്ങുന്നുണ്ട്. കഴിഞ്ഞ മാസം കണ്ണൂർ ഓഫിസിലെ സുപ്രണ്ടിനെ ദേശീയ പാതയിൽ കാർ തടഞ്ഞാണ് വിജിലൻസ് കൈക്കൂലി പണവുമായി പിടി കൂടിയത്.
ജോലി സമയം കഴിഞ്ഞ ശേഷവും ഓഫിസിലിരുന്ന് ഏജന്റുമാരെ വിളിച്ച് പണം കൈപ്പറ്റി പോകുമ്പോഴാണ് അന്ന് ഇയാൾ പിടിയിലായത്. പരിശോധന തുടരുമ്പോഴും കൈക്കൂലിക്ക് ഒട്ടും കുറവില്ലെന്നതാണ് സ്ഥിതി. നിയമപ്രകാരമല്ലാതെ പ്രവർത്തിക്കുന്ന ഡ്രൈവിങ് സ്കൂളുകൾക്കും മറ്റും ചില ഉദ്യോഗസ്ഥർ കൂട്ടുനിർക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബസുകളുടെ പെർമിറ്റിനും മറ്റും വൻ തുകയാണ് ഏജൻറുമാർ വാങ്ങുന്നത്. ഏത് വാഹനം പരിശോധിക്കണമെന്നും ഏതൊക്കെ പരിശോധിക്കേണ്ടായെന്നും തീരുമാനിക്കുന്നത് ഏജന്റുമാരാണ്. 650 രൂപ ഉള്ള ടി.പി എടുക്കാൻ ഏജന്റുമാർ വാങ്ങുന്നത് 2000 രൂപവരെയാണ്. 5000 രൂപയുള്ള പുതിയ പെർമിറ്റ് ഉണ്ടാക്കാൻ വാങ്ങുന്നത് 25.000 മുതൽ 50000 വരെയാണ്. മാന്യമായി പ്രവർത്തിക്കുന്ന ചില ഏജന്റുമാരുണ്ടെങ്കിലും ഉദ്യോഗസ്ഥർ അവരെ പരിഗണിക്കാറുമില്ല.


