വിളി 108, വിട്ടോ, സ്വകാര്യ ആശുപത്രിയിലേക്ക്
text_fieldsപയ്യന്നൂർ: സഹകരണ മേഖലയിൽ ആയിരുന്നപ്പോൾ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും നല്ല ഹൃദയചികിത്സക്ക് പേരുകേട്ട കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിൽ അടിയന്തിര ചികിത്സ തേടിയെത്തുന്ന രോഗികളെ പറഞ്ഞു വിടുന്നത് പതിവാകുന്നു.
അടിയന്തിരമായി ബൈപാസ് സർജറി ചെയ്യാനാവില്ലെന്ന കാരണം പറഞ്ഞാണ് പലരെയും പറഞ്ഞു വിടുന്നത്. ഇത് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സ അന്യമാവാൻ കാരണമാവുകയാണ്.ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കാസർകോട് നിന്ന് എത്തിയ രോഗിയെ പുലർച്ചെ മൂന്നിന് പറഞ്ഞു വിട്ടു.
ഗുരുതരാവസ്ഥയിലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്താനാവാതെ ഈ രോഗിക്ക് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വന്നു. മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ തേടിയാണ് ഇവർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിയത്. വെളുക്കാൻ തേച്ചത് പാണ്ട് ആയി മാറിയ അവസ്ഥയിലാണ് കുടുംബം.
കഴിഞ്ഞ ദിവസവും സമാന സംഭവം അരങ്ങേറി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിലെ സി.സി.യുവിൽ പ്രവേശിപ്പിച്ചിട്ടും ബൈപാസ് സർജറി നടത്താനാവാതെ ഈ രോഗിയെയും മറ്റേതെങ്കിലും ആശുപ്രതിയിലേക്ക് പോകണമെന്ന് അറിയിക്കുകയായിരുന്നുവത്രെ. കാർഡിയോളജി വിഭാഗത്തിൽ ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ഡോക്ടർമാർ ഉണ്ടായിട്ടും അടിയന്തിര സർജറി ആവശ്യമുള്ള രോഗിയെ പറഞ്ഞുവിടുന്നത് പതിവാകുന്നത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കുന്നു.
രണ്ടു ദിവസം മുമ്പ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നെഞ്ച് വേദനയുമായി എത്തുകയും പരിശോധനയിൽ ബൈപാസ് സർജറി ആവശ്യമാണെന്നു ഡോക്ടർമാർ കണ്ടെത്തുകയും ചെയ്ത രോഗിക്കാണ് ഈ അവസ്ഥ നേരിടേണ്ടി വന്നത്.
സ്വകാര്യ ആശുപത്രിയിൽ സർജറി നടത്താനുള്ള സാമ്പത്തിക പ്രയാസമുള്ളതിനാലാണ് ഇവരും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിയത്.
എന്നാൽ, പരിയാരത്ത് എമർജൻസിയായി സർജറി നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും ഉടൻ മറ്റേതെങ്കിലും ആശുപത്രിയിലേക്കു പോകണമെന്നും ഇവരോടും നിർദേശിച്ചെന്നാണ് പരാതി. കാർഡിയോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ മറ്റൊരു രോഗിയോട് ഗാസ്ട്രോ വിഭാഗത്തിൽ കാണിച്ച ശേഷം മരുന്നു നൽകാമെന്നു പറഞ്ഞു. ഇതു പ്രകാരം ബുധനാഴ്ച ഗാസ്ട്രോ വിഭാഗത്തിൽ കാണിച്ചപ്പോൾ സ്കാനിങ്ങിന് നിർദേശിച്ചു.
എന്നാൽ, സ്കാൻ ചെയ്യാൻ തീയതി ലഭിച്ചത് ഈ മാസം ഒമ്പതിനാണ്. അതുവരെ കാത്തു നിൽക്കാനാവുമോ എന്ന ചോദ്യത്തിനും ഉത്തരമില്ല.


