കശുവണ്ടി-കശുമാങ്ങ സംഭരണത്തിൽ കരിനിഴൽ; പ്രതീക്ഷ നശിച്ച് കർഷകർ
text_fieldsശ്രീകണ്ഠപുരം: ഉൽപാദനക്കുറവും വിലയിടിവുംകൊണ്ട് ദുരിതത്തിലായ കശുവണ്ടി കർഷകരോട് ഇത്തവണയും കനിയാതെ അധികൃതർ. മുൻ വർഷത്തേക്കാൾ ഉൽപാദനവും വിലയും നന്നേ കുറവാണ്. സർക്കാർ കശുവണ്ടി-കശുമാങ്ങ സംഭരണം നടത്താത്തതിനാൽ കർഷക സ്വപ്നങ്ങൾക്കാണ് കരിനിഴൽ വീണത്.
ഇത്തവണ സീസൺ തുടക്കത്തിൽ 160-165 രൂപ വരെ കിലോക്ക് ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 138 രൂപയായി. നന്നേ ഗുണനിലവാരം കുറഞ്ഞ കശുവണ്ടിയാണ് കടകളിലെത്തുന്നതെന്ന് ചെങ്ങളായിലെ മലഞ്ചരക്ക് വ്യാപാരി മുഹമ്മദ് കുഞ്ഞി ‘മാധ്യമ’ത്തോട് പറഞ്ഞു. ഉൽപാദനക്കുറവും വേനൽമഴയും കൂടിയായതോടെ ഇനിയും വിലയിടിയുമോയെന്ന ആശങ്കയുണ്ടെന്ന് കർഷകർ പറയുന്നു.
സംഭരണം നടക്കാത്തത് മുതലെടുത്ത് വിലയിടിക്കാനാണ് കച്ചവട ലോബികളുടെ നീക്കം. കോവിഡ് കാലത്തുണ്ടായ തകർച്ചയിൽനിന്ന് കശുവണ്ടി കർഷകർക്ക് പഴയ പ്രതാപത്തിലേക്ക് തിരികെയെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് സ്ഥിതി. അന്ന് കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ സർക്കാർ ഇടപെട്ട് സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്ക് ശേഖരിക്കുകയാണുണ്ടായത്. പിന്നീട് കശുവണ്ടി-കശുമാങ്ങ സംഭരണ കേന്ദ്രങ്ങൾ തുറന്ന് നല്ലവില നൽകി കർഷക രക്ഷക്ക് വഴിയൊരുക്കുമെന്ന് പ്രഖ്യാപിച്ചിട്ടും എല്ലാം ജലരേഖയാവുകയായിരുന്നു.
കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നത്. ക്രമേണ വില കൂട്ടിനൽകാനും ധാരണയുണ്ടായിരുന്നു. കശുമാങ്ങയിൽനിന്ന് ജ്യൂസ്, സ്ക്വാഷ്, അച്ചാറുകൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം.
ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. കൂടാതെ ഗോവൻ മാതൃകയിൽ കശുമാങ്ങയിൽനിന്ന് ഫെനി മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ, എക്സൈസ് വകുപ്പ് അനുമതി വൈകിപ്പിക്കുകയാണുണ്ടായത്.
ജില്ലയിൽ പയ്യാവൂർ സഹകരണ ബാങ്ക് നൽകിയ നിവേദനത്തിലായിരുന്നു ഫെനി ഉൽപാദിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ബാങ്കിനു കീഴിൽ എല്ലാ സംവിധാനങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. ഇക്കാര്യത്തിൽ തടസ്സങ്ങൾ നീങ്ങിയതായും വൈകാതെ ഫെനി ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും പയ്യാവൂർ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.
നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല. ഗോവൻ മോഡൽ ഫെനിയും മറ്റ് ഉൽപന്നങ്ങളും വിപണിയിലെത്തിച്ച് നല്ല സാമ്പത്തിക നേട്ടമുണ്ടാക്കാനാവുമെന്ന് സർക്കാർ തന്നെ വിലയിരുത്തിയതാണ്. നിരവധിയാളുകൾക്ക് തൊഴിൽ ലഭ്യമാക്കാനും സാധിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കശുമാങ്ങ സംസ്കരണ കേന്ദ്രങ്ങളും ഉൽപന്ന നിർമാണ വിതരണ കേന്ദ്രങ്ങളും തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും അതും വന്നില്ല. കടം വാങ്ങിയും മറ്റും തോട്ടങ്ങൾ പാട്ടത്തിനെടുത്ത കശുവണ്ടി കർഷകർ സാമ്പത്തിക പ്രതിസന്ധിയിൽ കണ്ണീരൊഴുക്കേണ്ട സ്ഥിതിയാണുള്ളത്.