നിക്ഷേപതട്ടിപ്പ് ഭരണസമിതി അംഗങ്ങളുടെ മുൻകൂർ ജാമ്യഹരജി തള്ളി
text_fieldsപ്രതീകാത്മക ചിത്രം
ചക്കരക്കല്ല്: കോൺഗ്രസ് നിയന്ത്രണത്തിലുള്ള ചക്കരക്കല്ലിലെ ബിൽഡിങ് മെറ്റീരിയൽ സഹകരണ സംഘത്തിലെ നിക്ഷേപത്തട്ടിപ്പിൽ കോൺഗ്രസ് നേതാവ് കെ.സി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
കഴിഞ്ഞ അഞ്ചിനാണ് ഡയറക്ടർമാർ അടങ്ങുന്ന സംഘം മുൻകൂർ ജ്യാമ്യാപേക്ഷ കോടതിയിൽ നൽകിയത്. 200ന് മുകളിൽ നിക്ഷേപകരാണ് കൂട്ടമായി പരാതി നൽകിയത്. കോടികളുടെ തട്ടിപ്പാണ് സൊസൈറ്റിയിൽ നടന്നത്. മുൻകൂർ ജാമ്യം നൽകിയാൽ സഹകരണ മേഖലയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കോടതിയിൽ പ്ലബിക് പ്രോസിക്യൂട്ടർ വാദിച്ചു. ക്രമക്കേടിനോടനുബന്ധിച്ച് സഹകരണവകുപ്പ് ജോയന്റ് ഡയറക്ടർ നൽകിയ പരാതിയിൽ ജീവനക്കാരായ രണ്ടുപേർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ജീവനക്കാരും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. റിമാൻഡിലായിരുന്ന രണ്ട് ജീവനക്കാരും ഇപ്പോൾ ജാമ്യത്തിലാണ്.
സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ എട്ടു കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. നിരവധി സമരപരിപാടികൾ നിക്ഷേപകരുടെ നേതൃത്വത്തിൽ നടന്നു. കോൺഗ്രസിന്റെ ഭരണസമിതിയായതിനാൽ നിക്ഷേപകർ സംഘടിച്ച് ജില്ല നേതൃത്വം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുന്നേ ചക്കരക്കൽ ടൗണിലും പ്രതിഷേധ പരിപാടികൾ നടന്നു. കുറേപേർക്ക് നാമമാത്രമായ തുക ഘട്ടംഘട്ടമായി നൽകി. ലോൺ തുക തിരിച്ച് കിട്ടുന്നതിനനുസരിച്ച് പ്രതിസന്ധി പരിഹരിക്കുമെന്നാണ് ഭരണസമിതി അംഗങ്ങൾ അറിയിച്ചത്.
എന്നാൽ, നിരവധി നിക്ഷേപകർക്ക് ഇനിയും പണം ലഭിക്കാനുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് അനുഭവപ്പെട്ടത്. നിക്ഷേപകരോട് അനുഭാവം പ്രകടിപ്പിച്ച് സി.പി.എം, ബി.ജെ.പി കക്ഷികൾ പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. കോൺഗ്രസിന്റെ സമുന്നത നേതാക്കളാണ് ഭരണസമിതിയിലുള്ളത്. ഇവർക്കാർക്കും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ല.


