ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റി; നിക്ഷേപകർ വീണ്ടും സംഘടിച്ചെത്തി
text_fieldsക്രമക്കേട് കണ്ടെത്തിയ ചക്കരക്കല്ല് ബിൽഡിങ് മെറ്റീരിയൽ കോഓപ്. സൊസൈറ്റിയിൽ
നിക്ഷേപകരും ഭരണസമിതി അംഗങ്ങളും വാക് തർക്കത്തിൽ
ചക്കരക്കല്ല്: കോൺഗ്രസിന്റെ നിയന്ത്രണത്തിള്ള ജില്ല ബിൽഡിങ് മെറ്റീരിയൽ സൊസൈറ്റിയിൽ നിക്ഷേപകർ വീണ്ടും സംഘടിച്ചെത്തി. പണം തിരിച്ചു കിട്ടില്ലെന്ന ആശങ്കയിൽ സംഘടിച്ചെത്തിയ നിക്ഷേപകരും ഭരണസമിതി അംഗങ്ങളും ഏറേനേരം ശക്തമായ വാക്കേറ്റമുണ്ടായി. കാലാവധി എത്തിയ തുക എന്ന് തിരിച്ചു നൽകുമെന്ന് പറയാനാവാതെ കൈമലർത്തുകയാണ് ഭരണസമിതി.
പതിനായിരം രൂപ മുതൽ 70 ലക്ഷം രൂപ നിക്ഷേപിച്ചവർ വരെ വെട്ടിലായിരിക്കയാണ്. നഷ്ടപ്പെട്ട പണത്തിന്റെ കണക്കോ നൽകാനുള്ള പണത്തിന്റെ കണക്കോ ഭരണസമിതിക്ക് നിക്ഷേപകരുടെ മുന്നിൽ വെക്കാനാവുന്നില്ല. സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷൽ ഓഡിറ്റിങ് ആരംഭിച്ചിട്ട് ഒരു മാസമാവാറായെങ്കിലും കൃത്യമായ ആസ്തി ബാധ്യത റിപ്പോർട്ട് തയാറായിട്ടില്ല. തിരിമറിയെ കുറിച്ചും വ്യക്തമായ കണക്കില്ല.
11 കോടിയിലേറെ രൂപ തിരിമറിയുണ്ടെന്നാണ് നിക്ഷേപകർ പറയുന്നത്. നിക്ഷേപിച്ച തുക പിൻവലിക്കാനെത്തിയവർക്ക് ചെക്ക് പോലും നൽകാനാവാത്ത സംഘത്തിന്റെ നടപടി വലിയ വാക്കേറ്റത്തിന് കാരണമായി. കാര്യമായ തീരുമാനമാവാതെയാണ് ശനിയാഴ്ചയും പിരിഞ്ഞത്.